കേരളത്തിലെ ഒരു സിനിമാനിര്‍മാതാവിന്റെ മേല്‍വിലാസം മാത്രമുള്ള എനിക്ക് യു.എ.ഇയുടെ വലിയ ബഹുമതികളിലൊന്ന് ഒരിക്കലും സങ്കല്പിക്കാനാകുന്ന ഒന്നല്ലെന്നും ഇത് സാധ്യമാക്കി തന്ന എം എ യൂസഫലിയ്ക്ക് നന്ദി പറയുന്നതായും ആന്‍റോ ജോസഫ് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു. 

അബുദാബി: ചലച്ചിത്ര നിര്‍മ്മാതാവ് ആന്റോ ജോസഫ്( Anto Joseph)യുഎഇ ഗോള്‍ഡന്‍ വിസ(UAE golden visa) സ്വീകരിച്ചു. അബുദാബിയില്‍(Abu Dhabi) വെച്ചാണ് അദ്ദേഹം ഗോള്‍ഡന്‍ വിസ ഏറ്റുവാങ്ങിയത്. അബുദാബി സാംസ്‌കാരിക വിനോദസഞ്ചാര വകുപ്പിലെ ഗവണ്‍മെന്റ് അഫയേഴ്‌സ് മേധാവി ബാദ്രേയ്യ അല്‍ മസ്‌റൂയി, പ്രവാസി വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എം എ യൂസഫലി, മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരായ സാലേഹ് അല്‍ അഹ്മദി, ഹെസ്സ അല്‍ ഹമ്മാദി എന്നിവര്‍ ഗോള്‍ഡന്‍ വിസ കൈമാറുന്ന ചടങ്ങില്‍ പങ്കെടുത്തു.

കേരളത്തിലെ ഒരു സിനിമാനിര്‍മാതാവിന്റെ മേല്‍വിലാസം മാത്രമുള്ള എനിക്ക് യു.എ.ഇയുടെ വലിയ ബഹുമതികളിലൊന്ന് ഒരിക്കലും സങ്കല്പിക്കാനാകുന്ന ഒന്നല്ലെന്നും ഇത് സാധ്യമാക്കി തന്ന എം എ യൂസഫലിയ്ക്ക് നന്ദി പറയുന്നതായും ആന്‍റോ ജോസഫ് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു. 

കൊവിഡ് മുന്നണിപ്പോരാളികള്‍ക്ക് ഗോള്‍ഡന്‍ വിസ അനുവദിക്കാന്‍ യുഎഇ

മലയാള സിനിമയില്‍ നിന്ന് നിരവധി അഭിനേതാക്കള്‍ക്ക് ഗോള്‍ഡന്‍ വിസ ലഭിച്ചിരുന്നു. മമ്മൂട്ടി, മോഹന്‍ലാല്‍, പൃഥ്വിരാജ്, ദുല്‍ഖര്‍ സല്‍മാന്‍, നൈല ഉഷ, ടൊവിനോ തോമസ്, ആശാ ശരത്, ആസിഫ് അലി, മിഥുന്‍ രമേശ്, ലാല്‍ ജോസ്, മീര ജാസ്മിന്‍, സംവിധായകന്‍ സലീം അഹമ്മദ്, സിദ്ദിഖ്, ഗായിക കെ എസ് ചിത്ര, സുരാജ് വെഞ്ഞാറമൂട് എന്നിവര്‍ ഗോള്‍ഡന്‍ വിസ സ്വീകരിച്ചിരുന്നു.

വിവിധ തൊഴില്‍ രംഗങ്ങളില്‍ മികവ് തെളിയിച്ചവര്‍ക്കും മികച്ച പ്രകടനം കാഴ്‍ചവെച്ച വിദ്യാര്‍ത്ഥികള്‍ക്കും യുഎഇ ഭരണകൂടം പത്ത് വര്‍ഷത്തേക്കുള്ള ഗോള്‍ഡന്‍ വിസകള്‍ അനുവദിക്കുന്നുണ്ട്. അബുദാബിയില്‍ അഞ്ഞൂറിലേറെ ഡോക്ടര്‍മാര്‍ക്ക് ദീര്‍ഘകാല താമസത്തിനുള്ള ഗോള്‍ഡന്‍ വിസ അനുവദിച്ചിരുന്നു. 10 വർഷത്തേക്കുള്ള വിസ അനുവദിക്കുന്ന ഗോൾഡൻ വിസ പദ്ധതി 2018-ലാണ് യുഎഇ സർക്കാർ ആരംഭിച്ചത്.