അബുദാബി: യുഎഇയില്‍ കൊവിഡ് മുക്തി നിരക്ക് 90 ശതമാനമെന്ന് ആരോഗ്യ രോഗപ്രതിരോധ മന്ത്രി അബ്ദുല്‍ റഹ്മാന്‍ അല്‍ ഒവൈസ്. ലോകത്ത് ആകെ കൊവിഡ് മുക്തി നിരക്കുമായി താരതമ്യം ചെയ്യുമ്പോള്‍ യുഎഇയിലേത് വളരെ ഉയര്‍ന്ന രോഗമുക്തി നിരക്കാണ്. തിങ്കളാഴ്ച വാര്‍ത്താ സമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

രാജ്യത്താകമാനം 50 ലക്ഷത്തിലധികം കൊവിഡ് പരിശോധനകള്‍ നടത്തിയിട്ടുണ്ട്. കൊവിഡ് പരിശോധനകള്‍ വര്‍ധിപ്പിക്കുകയും എത്രയും വേഗം രോഗികളെ കണ്ടെത്തി വേണ്ട ചികിത്സ ഉറപ്പാക്കുകയും ചെയ്തത് രോഗമുക്തി നിരക്ക് ഉയരാന്‍ കാരണമായെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.

അതേസമയം പുതിയ രോഗികളുടെ എണ്ണത്തില്‍ റെക്കോര്‍ഡ് കുറവാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. 164 പേര്‍ക്കാണ് തിങ്കളാഴ്ച കൊവിഡ് സ്ഥിരീകരിച്ചത്. രാജ്യത്ത് ആകെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 61,163 ആയി. 248 പേര്‍ക്കാണ് പുതുതായി രോഗം ഭേദമായത്. ഇതോടെ ആകെ കൊവിഡ് മുക്തുടെ എണ്ണം 54,863 ആയി. 24 മണിക്കൂറിനിടെ യുഎഇയില്‍ കൊവിഡ് മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. രാജ്യത്തെ കൊവിഡ് ബാധിച്ചുള്ള മരണസംഖ്യ 351 ആണ്. 5,949 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.