ദുബായ്: യുഎഇയില്‍ കൊവിഡ് ബാധിതരില്‍ കൂടുതലും 22 നും 44 നും ഇടയില്‍ പ്രായമുള്ളവരെന്ന് അബുദാബി ആരോഗ്യവകുപ്പ് വക്താവ്. ചെറുപ്പക്കാര്‍ക്ക് രോഗം ബാധിക്കുന്നതില്‍ ആരോഗ്യവിദഗ്ധര്‍ക്ക് ആശങ്കയുണ്ട്. വിവിധ ആരോഗ്യ കേന്ദ്രങ്ങളുമായി സഹകരിച്ച് യുഎഇയില്‍ 2,20,000 പേരെ കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കിയതായി ആരോഗ്യവകുപ്പ് അറിയിച്ചു. 

എല്ലാ പ്രായക്കാരുടെയും സാമ്പിളുകള്‍ എത്തുന്നെങ്കിലും പോസിറ്റീവ് കേസുകളില്‍ കൂടുതല്‍ 22 മുതല്‍ 44 വയസ്സുവരെ പ്രായമുള്ളവരുടേതാണെന്ന് അബുദാബി ആരോഗ്യവകുപ്പ് ഔദ്യോഗിക വക്താവ് ഡോ. ഫരീദ അല്‍ ഹൊസാനി പറഞ്ഞു.ആരോഗ്യ പ്രതിരോധ ശേഷി കൂടുതലുള്ളതിനാല്‍ ഈ പ്രായത്തിലുള്ളവര്‍ വേഗത്തില്‍ സുഖം പ്രാപിക്കുന്നുമുണ്ട്. അതേസമയം ചെറുപ്പക്കാരില്‍ വൈറസ് പടരുന്നത്. ആരോഗ്യ വിദഗ്ധരെ ആശങ്കയിലാക്കുന്നുണ്ട്. 47 വയസുള്ള അറബ് വനിതയാണ് കഴിഞ്ഞ ദിവസം യുഎഇയില്‍ മരിച്ചത്. 

യുഎഇയിലെ കൊവിഡ് പരിശോധന കേന്ദ്രങ്ങളില്‍ ഒരു ദിവസം ലഭിക്കുന്ന 200 സാമ്പിളുകള്‍ എന്നത് 1000 വരെയാക്കി ഉയര്‍ത്താനുള്ള നടപടികള്‍ ഊര്‍ജിതമാണെന്നും അധികൃതര്‍ അറിയിച്ചു. കൊവിഡ് ടെസ്റ്റ് പോസിറ്റീവ് ആണെങ്കില്‍ വീണ്ടും 48 മുതല്‍ 72 മണിക്കൂര്‍ വരെയുള്ള ടെസ്റ്റുകള്‍ നടത്തിയാണ് അത് സ്ഥിരീകരിക്കുന്നത്. എന്നാല്‍ നെഗറ്റീവ് ഫലങ്ങള്‍ 24 മണിക്കൂറിനുള്ളില്‍ പുറത്തുവിടും.

ദുബായിലെ അണുനശീകരണ യജ്ഞം തുടരുകയാണ്. കഴിഞ്ഞ രാത്രിയിലും നഗരം നിശ്ചമായി. രാത്രി എട്ടുമുതല്‍ രാവിലെ ആറുമണിവരെ ജനങ്ങള്‍ക്ക് പുറത്തിറങ്ങുന്നതിന് വിലക്കുണ്ട്. ദുബായി നെയ്ഫില്‍ തൊഴിലാളിളുടെ താമസയിടങ്ങളിലെത്തിയുള്ള വൈദ്യ പരിശോധന തുടരുകയാണ്.

വൈറസ് മൂന്നാഘട്ടമായ സമൂഹവ്യാപനത്തിലേക്ക് കടന്നതോടെ ഒമാനില്‍ നിയന്ത്രണം കടുപ്പിച്ചു. കൊവിഡ് കാലയളവില്‍ സ്വകാര്യമേഖലയിലെ തൊഴിലാളികളുടെ ശമ്പളം കുറക്കരുതെന്ന് ഒമാന്‍ മജ്‌ലിസ് അല്‍ ശൂറ ഉത്തരവിട്ടു.ക്വരെന്റെയിന്‍ കാലയളവില്‍ ജോലിക്കു ഹാജരാകുവാന്‍ കഴിയാത്ത സ്വദേശികളില്‍ നിന്നും പരാതി ലഭിച്ച സാഹചര്യത്തിലാണ് നിര്‍ദേശം.