Asianet News MalayalamAsianet News Malayalam

ക്യാന്‍സറെന്ന് നുണ പറഞ്ഞ് ശസ്‍ത്രക്രിയ നടത്തി; യുവതിയ്ക്ക് ഒരു കോടി രൂപ നഷ്‍ടപരിഹാരം നല്‍കാന്‍ വിധി

ദഹന സംബന്ധമായ പ്രശ്‍നങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടിയ തന്നെ, ഡോക്ടര്‍ പ്രാഥമിക പരിശോധനകള്‍ നടത്തിയ ശേഷം മറ്റൊരു വിഭാഗത്തിലേക്ക് കൂടുതല്‍ പരിശോധനയ്‍ക്ക് അയച്ചു.

UAE hospital to pay AED 500000 to woman patient for wrong diagnosis
Author
Abu Dhabi - United Arab Emirates, First Published Aug 19, 2021, 7:08 PM IST

അബുദാബി: 'ക്യാന്‍സര്‍ ശസ്‍ത്രക്രിയക്ക്' വിധേയയായ യുവതിക്ക് യുഎഇയിലെ സ്വകാര്യ ആശുപത്രി 5,00,000 ദിര്‍ഹം (ഒരു കോടിയിലധികം ഇന്ത്യന്‍ രൂപ) നഷ്‍ടപരിഹാരം നല്‍കണമെന്ന് വിധി. തന്റെ മെഡിക്കല്‍ ഇന്‍ഷുറന്‍സ് ദുരുപയോഗം ചെയ്‍ത് പണം തട്ടാന്‍ ആശുപത്രി അധികൃതര്‍ ശ്രമിച്ചെന്നാരോപിച്ചാണ് യുവതി പരാതിപ്പെട്ടത്. തനിക്ക് ക്യാന്‍സര്‍ രോഗമാണെന്ന് ആശുപത്രി അധികൃതര്‍ ബോധപൂര്‍വം നുണപറഞ്ഞുവെന്നും പരാതിയില്‍ പറയുന്നു.

അബുദാബി പ്രാഥമിക കോടതിയെയാണ് യുവതി പരാതിയുമായി സമീപിച്ചത്. തനിക്കുണ്ടായ ശാരീരിക, മാനസിക നഷ്‍ടങ്ങള്‍ക്ക് പകരമായി 5,00,000 ദിര്‍ഹം നഷ്‍ടപരിഹാരം വേണമെന്നായിരുന്നു ആവശ്യം. ദഹന സംബന്ധമായ പ്രശ്‍നങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടിയ തന്നെ, ഡോക്ടര്‍ പ്രാഥമിക പരിശോധനകള്‍ നടത്തിയ ശേഷം മറ്റൊരു വിഭാഗത്തിലേക്ക് കൂടുതല്‍ പരിശോധനയ്‍ക്ക് അയച്ചുവെന്ന് പരാതിയില്‍ വ്യക്തമാക്കുന്നു. രണ്ടാമത് പരിശോധിച്ച ഡോക്ടര്‍, തനിക്ക് ക്യാന്‍സറാണെന്ന് അറിയിച്ചുവെന്നും വയറ്റിലെ മുഴ നീക്കം ചെയ്യാന്‍ ശസ്‍ത്രക്രിയ വേണമെന്നും നിര്‍ദേശിച്ചു. എന്നാല്‍ ശസ്‍ത്രക്രിയക്ക് ശേഷം തനിക്ക് ഗുരുതരമായ മറ്റ് ആരോഗ്യ പ്രശ്‍നങ്ങളുണ്ടായി. തുടര്‍ന്ന് മറ്റൊരു ആശുപത്രിയില്‍ ചികിത്സ തേടുകയും അവിടെ വെച്ച് വീണ്ടുമൊരു ശസ്‍ത്രക്രിയക്ക് വിധേയമാകേണ്ടി വന്നുവെന്നും പരാതിയില്‍ പറയുന്നു.

സംഭവം അന്വേഷിക്കാന്‍ കോടതി പ്രത്യേക കമ്മിറ്റിയെ നിയോഗിച്ചു. ഈ കമ്മിറ്റിയാണ് മെഡിക്കല്‍ റിപ്പോര്‍ട്ടുകളും മറ്റ് കണ്ടെത്തലുകളും പരിശോധിച്ചത്. തെറ്റായ ശസ്‍ത്രക്രിയ കാരണം രോഗിയുടെ അവസ്ഥ ഗുരുതരമായെന്നും ആന്തരികമായ പ്രശ്‍നങ്ങളുണ്ടായെന്നും ഈ കമ്മിറ്റി കണ്ടെത്തി. ആദ്യത്തെ ശസ്‍ത്രക്രിയ അനാവശ്യമായിരുന്നുവെന്നും രോഗനിര്‍ണയത്തില്‍ ബോധപൂര്‍വം തെറ്റ് വരുത്തിയെന്നും മെഡിക്കല്‍ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ചികിത്സിച്ച രണ്ട് ഡോക്ടര്‍മാരെയും പ്രതികളാക്കിയാണ് യുവതി പരാതി നല്‍കിയിരുന്നത്. കമ്മിറ്റിയുടെ കണ്ടെത്തലുകള്‍ പരിഗണിച്ച കോടതി, യുവതിക്കുണ്ടായ നഷ്‍ടങ്ങള്‍ക്ക് പകരമായി അഞ്ച് ലക്ഷം ദിര്‍ഹം നഷ്‍ടപരിഹാരം നല്‍കണമെന്ന് വിധിക്കുകയായിരുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

Follow Us:
Download App:
  • android
  • ios