യുഎഇയിലെ ഇന്ത്യൻ പാസ്‌പോർട്ട്, വിസ, അറ്റസ്റ്റേഷൻ സേവനങ്ങൾ നൽകുന്നതിൽ പുതിയ മാറ്റങ്ങൾ. നിലവിലെ സേവനദാതാക്കളായ ബിഎൽഎസ് കേന്ദ്രങ്ങൾ ജൂൺ 25 മുതൽ അപ്പോയിൻമെന്റുകൾ നിർത്തലാക്കുകയും, ജൂലൈ 1 മുതൽ പുതിയ കമ്പനിയായ 'അൽഹിന്ദ്' ചുമതലയേൽക്കുകയും ചെയ്യും. അടിയന്തര സേവനങ്ങൾക്കായി എംബസി താൽക്കാലിക ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
അബുദാബി: യുഎഇയിലെ ഇന്ത്യൻ പാസ്‌പോർട്ട്, വിസ, അറ്റസ്റ്റേഷൻ നടപടികളുമായി ബന്ധപ്പെട്ട് സുപ്രധാന പ്രഖ്യാപനവുമായി ഇന്ത്യൻ എംബസി. സേവനങ്ങൾ നൽകുന്നതിനായി പുതിയ കമ്പനി ചുമതലയേൽക്കുന്നതിന്റെ ഭാഗമായാണ് പുതിയ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. നിലവിൽ സേവനം നൽകുന്ന ബിഎൽഎസ് കേന്ദ്രങ്ങൾ ജൂൺ 25 മുതൽ പുതിയ അപ്പോയിൻമെന്റുകൾ നൽകുന്നത് നിർത്തലാക്കുമെന്നാണ് എംബസി അറിയിക്കുന്നത്.
അടിയന്തിര സേവനങ്ങൾക്കായി താല്ക്കാലിക സംവിധാനം ഒരുക്കിയിട്ടുണ്ട്. ജൂൺ 26 മുതൽ 30 വരെ അടിയന്തിരമായി പാസ്‌പോർട്ട്, വിസ സേവനങ്ങൾ ആവശ്യമുള്ളവർക്ക് ഇന്ത്യൻ എംബസിയും കോൺസുലേറ്റും നേരിട്ട് സേവനങ്ങൾ നൽകുന്നതായിരിക്കും.
ജൂലൈ 1 മുതൽ പുതിയ കരാർ ലഭിച്ച 'അൽഹിന്ദ്' കേന്ദ്രങ്ങളുടെ അപ്പോയ്ന്റ്മെന്റ് പോർട്ടൽ സജ്ജമാകും. ഇതിന് ശേഷമായിരിക്കും യുഎഇയിലെ ഇന്ത്യൻ പാസ്‌പോർട്ട്, വിസ, അറ്റസ്റ്റേഷൻ നടപടിക്രമങ്ങൾ പൂർണ്ണമായും സാധാരണ നിലയിലാകുക. സേവനങ്ങളിൽ തടസ്സമുണ്ടാകാതിരിക്കാൻ പ്രവാസികൾ ഈ തീയതികൾ പ്രത്യേകം ശ്രദ്ധിക്കണമെന്ന് എംബസി അറിയിച്ചു.


