യുഎഇയുടെയും ഇസ്രയേലിന്റെയും വിദേശകാര്യ മന്ത്രിമാര്‍ പരസ്‍പരം ഫോണില്‍ സംസാരിച്ചാണ് ടെലിഫോണ്‍ ലൈനിന്റെ ഉദ്ഘാടനം നിര്‍വഹിച്ചതെന്ന് യുഎഇ വിദേശകാര്യ മന്ത്രാലയത്തിലെ വക്താവ് ഹെന്ദ് അല്‍ ഉതൈബ ട്വീറ്റ് ചെയ്തു. 

ദുബായ്: യുഎഇ-ഇസ്രയേല്‍ നയതന്ത്രം ബന്ധം സ്ഥാപിക്കാനുള്ള കരാറിന് പിന്നാലെ ഇരുരാജ്യങ്ങളും തമ്മില്‍ ടെലിഫോണ്‍ ബന്ധം സ്ഥാപിച്ചു. രണ്ട് രാജ്യങ്ങളും തമ്മിലുള്ള ബന്ധം സാധാരണ നിലയിലാക്കുന്നതിലേക്കുള്ള സുപ്രധാന നടപടിയാണിതെന്ന് ഇസ്രയേല്‍ കമ്മ്യൂണിക്കേഷന്‍സ് മന്ത്രി പറഞ്ഞു. നേരത്തെ യുഎഇക്കും ഇസ്രയേലിനുമിടയില്‍ ടെലിഫോണ്‍ ബന്ധം സാധ്യമായിരുന്നില്ല.

യുഎഇയുടെയും ഇസ്രയേലിന്റെയും വിദേശകാര്യ മന്ത്രിമാര്‍ പരസ്‍പരം ഫോണില്‍ സംസാരിച്ചാണ് ടെലിഫോണ്‍ ലൈനിന്റെ ഉദ്ഘാടനം നിര്‍വഹിച്ചതെന്ന് യുഎഇ വിദേശകാര്യ മന്ത്രാലയത്തിലെ വക്താവ് ഹെന്ദ് അല്‍ ഉതൈബ ട്വീറ്റ് ചെയ്തു. ഇരു വിദേശകാര്യ മന്ത്രിമാരും ആശംസകള്‍ കൈമാറി. അതേസമയം യുഎഇ ടെലികോം റെഗുലേറ്ററി അതോരിറ്റിയും യുഎഇയിലെ ടെലികോം കമ്പനികളും ഇതിനോട് പ്രതികരിച്ചിട്ടില്ല. നേരത്തെ യുഎഇയില്‍ ലഭ്യമല്ലാതിരുന്ന നിരവധി ഇസ്രയേലി വെബ്സൈറ്റുകള്‍ ഇപ്പോള്‍ ലഭ്യമാകുന്നുണ്ടെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.