ദുബായ്: അടുത്ത 50 വര്‍ഷത്തേക്കുള്ള യുഎഇയുടെ പ്രയാണം സൂചിപ്പിക്കുന്ന ലോഗോ തെരഞ്ഞെടുക്കാന്‍ ജനങ്ങളോട് അഭ്യര്‍ത്ഥിച്ച് ഭരണാധികാരികള്‍. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമും യുഎഇ ഉപസൈന്യാധിപനും അബുദാബി കിരീടാവകാശിയുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‍യാനുമാണ് വോട്ട് ചെയ്യാന്‍ സാമൂഹിക മാധ്യമങ്ങളിലൂടെ ജനങ്ങളോട് ആവശ്യപ്പെട്ടത്. 
 


 

വെബ്‍സൈറ്റില്‍ നല്‍കിയിരിക്കുന്ന മൂന്ന് ലോഗോകളില്‍ ഒന്നിന് വോട്ട് ചെയ്യാനാണ് ശൈഖ് മുഹമ്മദ് ട്വിറ്ററിലൂടെ ആവശ്യപ്പെടുന്നത്. ഓരോ വോട്ടിനും പകരമായി ഒരോ ചെടികള്‍ വീതം നടും.  http://nationbrand.ae എന്ന വെബ്‍സൈറ്റ് വഴിയാണ് വോട്ട് ചെയ്യേണ്ടത്. മൂന്ന് ലോഗോകളുടെയും വിശദാംശങ്ങളും അവ പ്രതിനിധാനം ചെയ്യുന്ന ആശയങ്ങളും പ്രതിപാദിക്കുന്ന വീഡിയോ ക്ലിപ്പ് ട്വിറ്ററിലൂടെ പങ്കുവെച്ചിട്ടുണ്ട്.
 

2021ലാണ് രാഷ്ട്ര രൂപീകരണത്തിന്റെ അന്‍പതം വാര്‍ഷികം യുഎഇ ആഘോഷിക്കാനൊരുങ്ങുന്നത്. ഇതോടൊപ്പം അടുത്ത 50 വര്‍ഷത്തേക്കുള്ള മാസ്റ്റര്‍ പ്ലാനും രാജ്യം തയ്യാറാക്കും. അടുത്ത അന്‍പത് വര്‍ഷത്തിലേക്കുള്ള തയ്യാറെടുപ്പുകള്‍ക്കുള്ള വര്‍ഷമായാണ് 2020നെ യുഎഇ പ്രഖ്യാപിച്ചിരിക്കുന്നത്.