അബുദാബി: ഭാര്യ നാട്ടിലേക്ക് മടങ്ങിയപ്പോള്‍ ജോയിന്റ് ബാങ്ക് അക്കൗണ്ടില്‍ നിന്നും 20 ലക്ഷം ദിര്‍ഹം സ്വന്തം അക്കൗണ്ടിലേക്ക് മാറ്റി ഭര്‍ത്താവ്. യുഎഇയില്‍ താമസിച്ചിരുന്ന ദമ്പതികളുടെ ജോയിന്റ് അക്കൗണ്ടില്‍ നിന്ന് ഭാര്യയുടെ സമ്മതമില്ലാതെ പണം ട്രാന്‍സ്ഫര്‍ ചെയ്ത ഭര്‍ത്താവിനോട് പണം തിരികെ നല്‍കാന്‍ കോടതി ഉത്തരവിട്ടു. 

അബുദാബിയിലുള്ള ഒരു സ്ഥാപനത്തില്‍ 16 വര്‍ഷമായി ജോലി ചെയ്യുകയായിരുന്നു അറബ് വംശജയായ സ്ത്രീ. ജോലിയില്‍ നിന്നും പിരിഞ്ഞ ശേഷം അതുവരെയുണ്ടായിരുന്ന സമ്പാദ്യവും ഗ്രാറ്റുവിറ്റി അടക്കമുള്ള ആനുകൂല്യങ്ങളും ഭര്‍ത്താവിന്റെയും തന്റെയും പേരില്‍ ജോയിന്റ് അക്കൗണ്ടില്‍ നിക്ഷേപിച്ച ശേഷം സ്വദേശത്തേക്ക് മടങ്ങിയതായിരുന്നു അറബ് വനിത. 

20 ലക്ഷം ദിര്‍ഹമായിരുന്നു ആ അക്കൗണ്ടിലുണ്ടായിരുന്നത്. എന്നാല്‍ നാട്ടില്‍ നിന്നും മടങ്ങിയെത്തിയപ്പോഴേക്കും ഭര്‍ത്താവ് ഇവരുടെ സമ്മതമോ അറിവോ ഇല്ലാതെ ജോയിന്റ് അക്കൗണ്ട് ക്ലോസ് ചെയ്ത് പണം സ്വന്തം പേരിലുള്ള അക്കൗണ്ടിലേക്ക് മാറ്റുകയും ഇതില്‍ നിന്ന് കുറച്ച് വ്യക്തിപരമായ ആവശ്യങ്ങള്‍ക്കായി ചെലവഴിക്കുകയും ചെയ്തു. 

ഇതോടെ ഭാര്യ കോടതിയെ സമീപിക്കുകയായിരുന്നു. തന്റെ അറിവോ സമ്മതമോ ഇല്ലാതെയാണ് ഭര്‍ത്താവ് പണം ട്രാന്‍സ്ഫര്‍ ചെയ്തതെന്നും ഇത് തിരികെ നല്‍കണമെന്നും സ്ത്രീ ആവശ്യപ്പെട്ടു. ഇരു കൂട്ടരുടെയും വാദം കേട്ട അബുദാബി പ്രാഥമിക കോടതി യുവാവിനോട് 20 ലക്ഷം ദിര്‍ഹം തിരികെ നല്‍കാന്‍ ഉത്തരവിടുകയായിരുന്നെന്ന് 'ഖലീജ് ടൈംസ്' റിപ്പോര്‍ട്ട് ചെയ്തു.