സംഭവം വിവാദമായ സാഹചര്യത്തില്‍ പെരുന്നാൾ അവധിക്ക് ശേഷം ഔദ്യോഗിക വിശദീകരണം ഉണ്ടായേക്കും. 700 കോടിയുടെ കണക്കില്ലെന്ന് വിദേശകാര്യ മന്ത്രാലയവും ഇന്ത്യയിലെ യുഎഇ അംബാസഡറും അറിയിച്ചിരുന്നു.
ദുബായ്: കേരളത്തിനുള്ള സഹായനിധി പ്രഖ്യാപനവുമായി ബന്ധപ്പെട്ട് പെരുന്നാള്‍ അവധിക്ക് ശേഷം യുഎഇ സര്‍ക്കാർ വിശദീകരിക്കുമെന്ന് സൂചന. ഇതിനിടയിൽ സഹായം സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് പ്രവാസികൾക്കിടയിൽ ചർച്ച സജീവമായിട്ടുണ്ട്. നിയമത്തിന്‍റെ പേരുപറഞ്ഞ് യുഎഇയുടെ സഹായം നിരാകരിക്കരുതെന്നാണ് കക്ഷിരാഷ്ട്രീയ ഭേദമന്യേ രാജ്യത്തുകഴിയുന്ന പ്രവാസി മലയാളികളുടെ അഭിപ്രായം.
സംഭാവനയായല്ല, കേരളത്തിന്‍റെ പുനര്‍ നിര്‍മാണത്തിനു വേണ്ടിയാണ് യുഎഇ സഹായം നല്‍കുന്നത്. കത്രീന ചുഴലിക്കാറ്റു സമയത്ത് അമേരിക്കവരെ സഹായം സ്വീകരിച്ചപ്പോള്‍ ദുരഭിമാനത്തിന്‍റെ പേരുപറഞ്ഞ് ഒഴിവാക്കുന്നത് നിലവിലുള്ള നല്ലബന്ധത്തെ ഇല്ലാതാക്കുമെന്ന് അവര്‍ ആശങ്കപ്പെടുന്നു.
തെറ്റായ വാര്‍ത്തകള്‍ നല്‍കിയാല്‍ നിമിഷങ്ങള്‍ക്കകം നടപടിയെടുക്കുന്ന രാജ്യത്ത് എഴുന്നൂറു കോടിരൂപയുടെ സഹായം നല്‍കാനുള്ള തീരുമാനം യുഎഇയിലെ പ്രമുഖ മാധ്യമങ്ങള്‍വരെ പ്രധാന വാര്‍ത്തയാക്കി. അതുകൊണ്ട് തന്നെ എഴുന്നൂറ് എന്നത് മാന്ത്രിക കണക്കാണെന്ന് അവര്‍ വിശ്വസിക്കുന്നില്ല.
ധനസഹായം സംബന്ധിച്ച കാര്യത്തില്‍ അവ്യക്തത നിലനില്‍ക്കുന്ന സാഹചര്യത്തില്‍ യുഎഇ സര്‍ക്കാരിന്‍റെ മറുപടി ബലിപെരുന്നാള്‍ അവധി കഴിഞ്ഞ ഉടനുണ്ടാകുമെന്നാണ് നയതന്ത്രമേഖലയിലെ വിദഗ്ധരുടെ കണക്കുകൂട്ടല്‍.
കേരളത്തിന് യുഎഇയുടെ ധനസഹായ വാഗ്ദാനം ഉണ്ടായിരുന്നു എന്ന് കേന്ദ്രസർക്കാർ സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ 700 കോടിയുടെ കണക്കില്ലെന്ന് വിദേശകാര്യ മന്ത്രാലയവും ഇന്ത്യയിലെ യുഎഇ അംബാസഡറും വ്യക്തമാക്കി. യുഎഇ സഹായത്തിൽ അവ്യക്തതയില്ലെന്നും 700 കോടിയുടെ കണക്ക് അറിയിച്ചത് വ്യവസായി എംഎ യുസഫലിയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.
