അബുദാബി: യുഎഇയില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൊവിഡ് വാക്സിന്‍ നല്‍കിത്തുടങ്ങി. മുന്‍നിര ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് വാക്സിന്‍ നല്‍കാന്‍ അനുമതി ലഭിച്ചതിന് പിന്നാലെയാണ് ഷാര്‍ജ അല്‍ ഖാസിമി ഹോസ്‍പിറ്റല്‍ ഫോര്‍ വിമണ്‍ ആന്റ് ചില്‍ഡ്രനിലെ മെഡിക്കല്‍, നഴ്‍സിങ് ജീവനക്കാര്‍ക്ക് വാക്സിന്‍ നല്‍കിയത്.

ശനിയാഴ്‍ച യുഎഇ ആരോഗ്യ മന്ത്രിക്ക് ആദ്യ ഡോസ് വാക്സിന്‍ നല്‍കിയിരുന്നു. തുടര്‍ന്ന് ആരോഗ്യ മന്ത്രാലയത്തിലെ നിരവധി ഉന്നത ഉദ്യോഗസ്ഥരും കൊവിഡ് വാക്സിനെടുത്തു. ഒരു മാസത്തിലധികമായി രാജ്യത്ത് നടന്നുവരുന്ന വാക്സിന്‍ പരീക്ഷണം ഇതുവരെയും വിജയമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നല്‍കാന്‍ തീരുമാനിച്ചത്. 125 രാജ്യങ്ങളില്‍ നിന്നുള്ള 31,000 പേരിലാണ് വാക്സിന്‍ പരീക്ഷിച്ചത്. ഇവരെ രാജ്യത്ത് കര്‍ശന നിരീക്ഷണത്തിന് വിധേയരാക്കിക്കൊണ്ടിരിക്കുന്നു. കാര്യമായ മറ്റ് വിപരീത ഫലങ്ങളൊന്നും വാക്സിന്‍ സ്വീകരിച്ച വ്യക്തികളില്‍ ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നാണ് അധികൃതര്‍ നേരത്തെ അറിയിച്ചത്.