എജ്യുക്കേഷന്‍ ലീഡേഴ്‍സ് നെറ്റ്‍വര്‍ക്കിങ് റിസപ്‍ഷനോടെ ആദ്യ ദിനത്തിന് തുടക്കം
ദുബൈ: മിഡില്‍ ഈസ്റ്റിലെ മുന്‍നിര വിദ്യാഭ്യാസ പ്രദര്‍ശനവും റിക്രൂട്ടിങ് ഇവന്റുമായ ഗ്ലോബല്‍ എജ്യൂക്കേഷന്‍ ആന്റ് ട്രെയിനിങ് എക്സിബിഷന് (ജിടെക്സ്) ദുബൈയില്‍ തുടക്കമായി. യുഎഇ പൊതുവിദ്യാഭ്യാസ സഹമന്ത്രി ജമീല സലീം അല്‍ മുഹൈരി വ്യാഴാഴ്‍ച ഉദ്ഘാടന കര്‍മം നിര്‍വഹിച്ചു. ദുബൈ ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ ആന്റ് എക്സിബിഷന്‍ സെന്ററില്‍ നടക്കുന്ന പ്രദര്‍ശനത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ നോളജ് ആന്റ് ഹ്യൂമണ്‍ ഡെവലപ്‍മെന്റ് അതോരിറ്റി ഡയറക്ടര്‍ ജനറല്‍ ഡോ. അബ്‍ദുല്ല അല്‍ കറാം, മറ്റ് വിശിഷ്‍ട വ്യക്തികള്‍, യുഎഇയിലെ നിരവധി യൂണിവേഴ്‍സിറ്റികളുടെയും സ്‍കൂളുകളുടെയും തലവന്മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ആദ്യ ദിവസം തന്നെ യുഎഇയിലെ നിരവധി സ്‍കൂളുകളില്‍ നിന്നുള്ള യൂണിഫോമണിഞ്ഞ വിദ്യാര്‍ത്ഥികള്‍ ജിടെക്സ് 2022ന്റെ വേദിയിലെത്തി. ഉച്ചയ്‍ക്ക് ശേഷം ഷോ ഫ്ലോറില്‍ വിവിധ രാജ്യക്കാരും വിവിധ പ്രായക്കാരുമായ പ്രൊഫഷണലുകളും കുടുംബങ്ങളും പ്രാദേശിക, അന്തര്‍ദേശീയ സ്ഥാപനങ്ങളുമായി കൂടിക്കാഴ്‍ച നടത്തി.
ഇതാദ്യമായി ഇത്തവണ സര്‍വകലാശാലകളുടെ തലവന്മാര്‍, k-12 സ്‍കൂളുകളുടെ തലവന്മാരുമായി കൂടിക്കാഴ്‍ച നടത്തുന്ന ഒന്നാമത് എജ്യുക്കേഷന്‍ ലീഡേഴ്‍സ് നെറ്റ്‍വര്‍ക്കിങ് റിസപ്‍ഷനും ഇത്തവണ നടക്കും. കുടുതല്‍ അവസരങ്ങളെക്കുറിച്ചും ഭാവിയിലെ സഹകരണത്തെക്കുറിച്ചും ഇതില്‍ ചര്‍ച്ച ചെയ്യും.
അടുത്തിടെ തുടക്കം കുറിച്ച k-12 എജ്യുക്കേഷന്‍ ഗ്രൂപ്പില്‍ യു.എ.ഇ, യു.എസ്.എ, കാനഡ, യു.കെ, ഇന്ത്യ എന്നിവിടങ്ങളിലെ 30 പ്രാദേശിക, അന്താരാഷ്‍ട്ര സ്‍കൂളുകളാണുള്ളത്. 3 വയസ് മുതല്‍ 18 വയസ് വരെ പ്രായമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് അക്കാദമിക അവസരങ്ങള്‍ ലഭ്യമാക്കുകയാണ് ഇതിന്റെ ലക്ഷ്യം. വിദ്യാര്‍ത്ഥികളുടെ പഠന കാലയളവിന്റെ തുടക്കത്തില്‍ തന്നെ ശക്തമായ വിദ്യാഭ്യാസ അടിത്തറ കെട്ടിപ്പടുക്കാന്‍ രക്ഷിതാക്കളെ പ്രാപ്‍തമാക്കുക കൂടി ഇതിലൂടെ ലക്ഷ്യമിടുന്നു.
ഫെബ്രുവരി 26 വരെ നീണ്ടുനില്‍ക്കുന്ന ഈ പ്രദര്‍ശനം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കുട്ടികളെ പ്രവേശിപ്പിക്കാനും ഒപ്പം വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ഉന്നത നിലവാരത്തിലുള്ള വിദ്യാഭ്യാസം നേടുന്നതിനുള്ള വിവിധ സാധ്യതകള്‍ തേടാനും സഹായകമാവും. വിദ്യാഭ്യാസ അവസരങ്ങള്‍ തേടുന്ന ശ്രോതാക്കള്‍ക്ക് മുന്നില്‍ തങ്ങളെ പരിചയപ്പെടുത്താന്‍ സ്‍കൂളുകള്‍ക്ക് ലഭിക്കുന്ന അവസരം കൂടിയാണിത്. ഇതിന് പുറമെ ജിടെക്സില്‍ ലഭ്യമാവുന്ന കരിയര്‍ ഗൈഡന്‍സ് കൗണ്‍സിലര്‍മാരുടെ സേവനവും വൈദഗ്ധ്യവും വിദ്യാര്‍ത്ഥികള്‍ക്ക് ഉപയോഗപ്പെടുത്താനുമാവും.
കൗണ്‍സിലര്‍മാരുടെ പ്രൊഫഷണല്‍ ഡെവലപ്‍മെന്റ് പ്ലാറ്റ്ഫോമായ എട്ടാമത് ജിടെക്സ് കൗണ്‍സിലേഴ്‍സ് ഫോറത്തിലും സന്ദര്‍ശകര്‍ പങ്കാളികളായി. 'മാനസിക പ്രശ്‍നങ്ങളില്‍ നിന്ന് മുക്തമാവാനുള്ള കഴിവ് വിദ്യാര്‍ത്ഥികളില്‍ വളര്‍ത്തിയെടുക്കുക' എന്ന തലക്കെട്ടില്‍ നടന്ന സെഷനില്‍ പുതിയ പഠന രീതികളും അധ്യാപകരില്‍ കൊവിഡ് മഹാമാരി കാരണമായുണ്ടായ വൈകാരികവും മാനസികവുമായ ആഘാതങ്ങളും ചര്‍ച്ചയായി.
അന്താരാഷ്‍ട്ര വിദ്യാഭ്യാസ രീതിയിലുണ്ടാകുന്ന മാറ്റം; ഡിജിറ്റല്‍ ഓഡിയോ ഫീഡ്‍ബാക്ക് ഉപയോഗം; പരമ്പരാഗത സ്‍കൂള്‍ പഠനവും ഓണ്‍ലൈന്‍ സ്‍കൂള്‍ പഠനവും; ഐവി ലീഗിലും ടീര്‍ വണ്‍ സര്‍വകലാശാലകളിലും ചേരാനുള്ള നടപടിക്രമങ്ങള്‍; നാലാം വ്യവസായ വിപ്ലവത്തിന് യുവാക്കളെ തയ്യാറാക്കല്‍; സര്‍വകലാശാലകളിലെ ബോര്‍ഡിങ് വിദ്യാര്‍ത്ഥികളുടെ വിജയം തുടങ്ങിയ വിഷയങ്ങളെ ആധാരമാക്കി ഇന്ററാക്ടീവ് സെമിനാറുകള്‍ നടന്നു.
വിദേശ പഠനം സംബന്ധിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് കൂടുതല്‍ അവബോധം പകരുന്നതിനായി മറ്റ് വിഷയങ്ങളിലും ജിടെക്സില്‍ സെമിനാറുകള്‍ സംഘടിപ്പിച്ചു. ബഹ്റൈന്‍ സ്കൂളുകളും താമസ സൗകര്യങ്ങളും, യു.എസ് ബോര്‍ഡിങ് സ്‍കൂളുകള്‍, യു.എസ്.എയിലെ ആര്‍ട് ആന്റ് ഡിസൈന്‍ കോളേജിലേക്കുള്ള അപേക്ഷ, ജര്‍മനിയില്‍ പഠനം തുടങ്ങിയ വിഷയങ്ങളിലാണ് സെമിനാറുകള്‍ നടന്നത്.
പ്രതിവര്‍ഷം രണ്ടക്ക വളര്‍ച്ച രേഖപ്പെടുത്തുന്ന മദ്ധ്യപൂര്‍വ ദേശമാണ് ലോകത്ത് ഏറ്റവുമധികം വേഗത്തില്‍ വളരുന്ന വിദ്യാര്‍ത്ഥി ജനസംഖ്യയുള്ള പ്രദേശങ്ങളിലൊന്നെന്ന് ജിടെക്സ് സംഘാടകരായ ഇന്റര്‍നാഷണല്‍ കോണ്‍ഫറന്‍സസ് ആന്റ് എക്സിബിഷന്‍സ് (IC&E) മാനേജിങ് ഡയറക്ടര്‍ അന്‍സെലം ഗൊദിന്‍ജോ പറഞ്ഞു. ഭാവിയിലെ മത്സരാധിഷ്‍ഠിതമായ തൊഴില്‍ വിപണിയിലേക്ക് തയ്യാറെടുക്കുന്നതിനായി പുതിയ തലമുറയ്‍ക്ക് ഏറ്റവും ഉന്നത നിലവാരത്തിലുള്ള വിദ്യാഭ്യാസം ഉറപ്പാക്കണം. വിദ്യാര്‍ത്ഥികള്‍ക്ക് മുന്നില്‍ അവസരങ്ങളും സാധ്യതകളും പ്രദര്‍ശിപ്പിക്കാനും ഓരോ വിദ്യാര്‍ത്ഥിക്കും അവരവര്‍ക്ക് യോജിച്ച കോഴ്‍സുകളും സ്ഥാപനങ്ങളും തെരഞ്ഞെടുക്കാനും തങ്ങളുടെ കഴിവുകള്‍ വികസിപ്പിക്കാനുമുള്ള അവസരങ്ങള്‍ ലഭ്യമാക്കാനും ഏറ്റവും നല്ല സാധ്യതയാണ് ജിടെക്സ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മേഖലയിലെ പ്രാദേശിക, അന്തര്‍ദേശീയ വിദ്യാര്‍ത്ഥികള്‍ക്ക് ഏറ്റവും ഗുണനിലവാരമുള്ള വിദ്യാഭ്യാസം ലഭ്യമാക്കുകയെന്ന യുഎഇയുടെ വിദ്യാഭ്യാസ ലക്ഷ്യത്തിന് അനുഗുണമായാണ് വാര്‍ഷിക ജിടെക്സ് പ്രദര്‍ശനം സംഘടിപ്പിക്കപ്പെടുന്നത്. ഒപ്പം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തങ്ങളുടെ റിക്രൂട്ട്മെന്റ് ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ ഏറ്റവും കാര്യക്ഷമവും വിശാലവുമായ ഒരു അവസരം കൂടിയാണിത്.
