ദുബായ്: സുരക്ഷാ പരിശീലനങ്ങളുടെ ഭാഗമായി ഹെലികോപ്റ്ററുകള്‍ സഞ്ചരിക്കുന്നതിനാല്‍ ദുബായില്‍ ഉച്ചത്തിലുള്ള ശബ്ദമുണ്ടാകുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഫെബ്രുവരി മാസത്തില്‍ രാവിലെ ഏഴ് മണി മുതല്‍ ഉച്ചയ്ക്ക് ഒരുമണി വരെയും വൈകുന്നേരം നാല് മുതല്‍ എട്ട് മണി വരെയുമാണ് പരിശീലനം നടക്കുന്നത്.

'അറേബ്യന്‍ ഗള്‍ഫ് സെക്യൂരിറ്റി -2 പരിശീലനങ്ങളുടെ' ഭാഗമായുള്ള തയ്യാറെടുപ്പുകളാണ് നടക്കുന്നത്. ഉമ്മു സുഖൈമിലെ ദുബായ് പൊലീസ് അക്കാദമിയിലാണ് സുരക്ഷാ പരിശീലനങ്ങള്‍ നടക്കുന്നത്. ഇതിന്റെ ഭാഗമായി ഹെലി‍കോപ്റ്ററുകള്‍ പറക്കുന്നതിനാല്‍ ദുബായില്‍ ഉച്ചത്തിലുള്ള ശഹബ്ദമുണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് ആഭ്യന്തര മന്ത്രാലയം സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവിട്ട അറിയിപ്പില്‍ പറയുന്നത്.