ഷാര്‍ജ: ഷാര്‍ജയിലെ സര്‍ക്കാര്‍ ഓഫീസുകളിലും ജോലി സ്ഥലങ്ങളിലും ഇക്കുറി ദേശീയ ദിനാഘോഷങ്ങളുണ്ടാകില്ല. രാജ്യത്ത് നിലനില്‍ക്കുന്ന കൊവിഡ് സാഹചര്യം പരിഗണിച്ചാണ് ദേശീയ ദിനാഘോഷങ്ങള്‍ക്കുള്ള കമ്മിറ്റി ഇത്തരമൊരു തീരുമാനമെടുത്തത്. 

ജനങ്ങളുടെ സുരക്ഷയ്ക്കും ക്ഷേമത്തിനുമാണ് അധികൃതര്‍ ഏറ്റവും പ്രധാന്യം കല്‍പിക്കുന്നതെന്ന് ദേശീയ ദിനാഘോഷ കമ്മിറ്റി ചെയര്‍മാന്‍ ഖാലിദ് ജാസിം അല്‍ മിദ്‍ഫ പറഞ്ഞു. അതേസമയം അല്‍ മജാസ് ആംഫി തീയറ്ററില്‍ വെച്ച് നടത്താന്‍ തീരുമാനിച്ചിട്ടുള്ള സംഗീത പരിപാടി കര്‍ശന കൊവിഡ് സുരക്ഷാ നടപടികള്‍ പാലിച്ചുകൊണ്ട് നടത്തുമെന്നും അധികൃതര്‍ അറിയിച്ചു.

നാഷണല്‍ എമര്‍ജന്‍സി ക്രൈസിസ് ആന്റ് ഡിസാസ്റ്റര്‍ മാനേജ്മെന്റ് അതോരിറ്റി നിര്‍ദേശിച്ച സുരക്ഷാ നടപടികളും ഷാര്‍ജ എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ നിര്‍ദേശങ്ങളും അനുസരിച്ചായിരിക്കും പരിപാടി സംഘടിപ്പിക്കുക. ഇതിനായുള്ള സജ്ജീകരണങ്ങള്‍ അല്‍ മജാസ് ആംഫി തീയറ്ററില്‍ ഒരുക്കിയിട്ടുണ്ട്. സുരക്ഷാ നടപടികള്‍ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ ഇവിടെ പ്രത്യേക പരിശീലനം നല്‍കിയ സംഘത്തെ നിയോഗിക്കും.