ദുബായ്: യുഎഇയില്‍ പത്രങ്ങളുടെയും മാഗസിനുകളുടെയും പരസ്യ പ്രസിദ്ധീകരണങ്ങളുടെയും വിതരണം താത്കാലികമായി നിര്‍ത്തിവെയ്ക്കാന്‍ നാഷണല്‍ മീഡിയ കൗണ്‍സില്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ട്. സ്ഥിരം വരിക്കാരെ ഒഴിവാക്കിയാകും ഇത് നടപ്പാക്കുക. മാര്‍ച്ച് 24 മുതല്‍ തീരുമാനം പ്രാബല്യത്തില്‍ വരും. റെസിഡന്‍ഷ്യല്‍ കോംപ്ലക്സുകള്‍, റസ്റ്റോറന്റുകള്‍, ഹോട്ടലുകള്‍, ഹെല്‍ത്ത് സെന്ററുകള്‍, ക്ലിനിക്കുകള്‍, പൊതു-സ്വകാര്യ സ്ഥാപനങ്ങളിലെ വെയിറ്റിങ് ഹാളുകള്‍ എന്നിങ്ങനെ നിരവധിപ്പേര്‍ ഒരേ സാധനങ്ങളില്‍ സ്പര്‍ശിക്കാന്‍ സാധ്യതയുള്ള സ്ഥലങ്ങളിലൊന്നും പ്രസിദ്ധീകരണങ്ങള്‍ വിതരണം ചെയ്യില്ല. 

അതേസമയം ആരോഗ്യ മേഖലയിലെ ബന്ധപ്പെട്ട അധികൃതരുടെ അംഗീകാരത്തോടെ ബോധവത്കരണം ലക്ഷ്യമിട്ട് തയ്യാറാക്കുന്ന പ്രസിദ്ധീകരണങ്ങള്‍ക്ക് വിലക്ക് ബാധകമായിരിക്കില്ലെന്നും ഔദ്യോഗിക വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഇതിന് പുറമെ പ്രസിദ്ധീകരണങ്ങളുടെ സ്ഥിരം വരിക്കാരെയും ഷോപ്പിങ് സെന്ററുകളിലെ വലിയ ഔട്ട്‍ലെറ്റുകളെയും വിലക്കില്‍ നിന്ന് ഒഴിവാക്കും. എല്ലാ ആരോഗ്യ സുരക്ഷാ മുന്‍കരുതലുകളും സ്വീകരിച്ചുകൊണ്ട് ഇവിടങ്ങളില്‍ പ്രസിദ്ധീകരണങ്ങള്‍ വിതരണം ചെയ്യും. കൊവിഡ് 19 അണുബാധ തടയുന്നതിനായി രാജ്യം സ്വീകരിക്കുന്ന നിരവധി നടപടികളുടെ ഭാഗമായാണ് തീരുമാനം. നിരവധിപ്പേര്‍ ഒരേ പ്രസിദ്ധീകരണങ്ങള്‍ ഉപയോഗിക്കുന്നത് വൈറസ് വ്യാപിക്കാന്‍ ഇടയാക്കും.