Asianet News MalayalamAsianet News Malayalam

യുഎഇ-ഒമാന്‍ കര അതിര്‍ത്തി നാളെ തുറക്കും; യാത്രക്കാര്‍ പാലിക്കേണ്ട നിബന്ധനകള്‍ ഇങ്ങനെ...

ഒമാന്‍ സ്വദേശികള്‍ക്ക് യുഎഇയിലേക്ക് പ്രവേശിക്കുന്നതിന് പ്രത്യേക അനുമതി ആവശ്യമില്ല. എന്നാല്‍ വിദേശികള്‍ക്ക് ഐസിഎ അനുമതി എടുക്കണം.

UAE Oman land border will open tomorrow
Author
Abu Dhabi - United Arab Emirates, First Published Nov 15, 2020, 12:55 PM IST

അബുദാബി: കൊവിഡ് വ്യാപനം മൂലം അടച്ച യുഎഇ-ഒമാന്‍ റോഡ് അതിര്‍ത്തി നാളെ തുറക്കും. നവംബര്‍ 16 മുതല്‍ ഒമാനുമായുള്ള കര അതിര്‍ത്തി തുറക്കുമെന്ന് യുഎഇ അറിയിച്ചിരുന്നു. നാഷണല്‍ എമര്‍ജന്‍സി ക്രൈസിസ് ആന്‍ഡ് ഡിസാസ്‌റ്റേഴ്‌സ് മാനേജ്‌മെന്റ് അതോറിറ്റി, ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പ്, വിദേശകാര്യ അന്താരാഷ്ട്ര സഹകരണ മന്ത്രാലയം എന്നിവ സംയുക്തമായാണ് കര അതിര്‍ത്തി തുറക്കുന്നതുമായി ബന്ധപ്പെട്ട പ്രഖ്യാപനം നടത്തിയത്. 

ഒമാന്‍ സ്വദേശികള്‍ക്ക് യുഎഇയിലേക്ക് പ്രവേശിക്കുന്നതിന് പ്രത്യേക അനുമതി ആവശ്യമില്ല. എന്നാല്‍ വിദേശികള്‍ക്ക് ഐസിഎ അനുമതി എടുക്കണം. യാത്രാ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ അതിര്‍ത്തിയില്‍ പ്രത്യേക സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. യുഎഇയിലേക്ക് പ്രവേശിക്കുന്നതിനായി അംഗീകൃത ലബോറട്ടറികളില്‍ നിന്ന് യാത്രയ്ക്ക് 48 മണിക്കൂറിനകം എടുത്ത പിസിആര്‍ പരിശോധനയുടെ നെഗറ്റീവ് ഫലം നിര്‍ബന്ധമാണ്. മാസ്‌ക്, സാമൂഹിക അകലം എന്നീ കൊവിഡ് സുരക്ഷാ നിര്‍ദ്ദേശങ്ങളും പാലിക്കണം.

അതിര്‍ത്തിയില്‍ വെച്ചുള്ള കൊവിഡ് പരിശോധനയില്‍ പോസിറ്റീവായാല്‍ ഇവരെ തിരികെ അയയ്ക്കും. ഓരോ എമിറേറ്റിലെയും കൊവിഡ് നിയമങ്ങള്‍ അറിയാനായി സ്മാര്‍ട് ഫോണില്‍ അല്‍ഹൊസന്‍ ആപ്പ് ഡൗണ്‍ലേഡ് ചെയ്ത് ആക്ടീവാക്കണം. മാതമല്ല തുടര്‍ച്ചയായി നാല് ദിവസം യുഎഇയില്‍ താമസിക്കുന്നവര്‍ നാലാം ദിവസം പിസിആര്‍ ടെസ്റ്റിന് വിധേമാകണമെന്ന് അധികൃതര്‍ അറിയിച്ചു. ക്വാറന്റീന്‍ നിയമങ്ങളും പാലിക്കണം. 
 

Follow Us:
Download App:
  • android
  • ios