അബുദാബി: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മുന്നണി പോരാളികളായ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് യുഎഇ. ബാല്‍ക്കണിയിലും ജനലുകള്‍ക്ക് അരികിലുമെത്തി ദേശീയഗാനം ആലപിച്ചാണ് ജനങ്ങള്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് പിന്തുണയേകിയത്. ഈ സമയം അബുദാബി പൊലീസ് വാഹനങ്ങളില്‍ നിന്നിറങ്ങി സല്യൂട്ട് ചെയ്തു. ഇതിന്‍റെ വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്.  

'ടുഗെദര്‍ വി ചാന്റ് ഫോര്‍ യുഎഇ' എന്ന പരിപാടിക്കാണ് യുഎഇ ആഹ്വാനം ചെയ്തത്. ബുധനാഴ്ചയും വെള്ളിയാഴ്ചയും രാത്രി ഒമ്പതു മണിക്ക് എല്ലാവരും ബാല്‍ക്കണിയില്‍ നിന്ന് ദേശീയഗാനം ആലപിക്കണമെന്നായിരുന്നു ജനങ്ങള്‍ക്ക് നല്‍കിയ നിര്‍ദ്ദേശം. കൊവിഡ് പ്രതിരോധത്തിനായി ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാവരെയും അഭിന്ദിക്കുകയാണ് ഇതിലൂടെ ഉദ്ദേശിക്കുന്നതെന്നും ജനങ്ങളില്‍ സന്തോഷവും പ്രതീക്ഷയും പങ്കുവെക്കാനാകുമെന്നും യുഎഇ പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞിരുന്നു.