ദുബായ്: യുഎഇയില്‍ സ്ഥിര താമസത്തിനുള്ള ഗോള്‍ഡ് കാര്‍ഡ് നാനൂറ് പേര്‍ സ്വന്തമാക്കിയതായി ദുബായ് താമസ കുടിയേറ്റ വകുപ്പ്. ഓരോ പത്ത് വര്‍ഷം കൂടുമ്പോഴും പുതുക്കി നല്‍കും വിധമാണ് ഗോള്‍ഡ് കാര്‍ഡ് സംവിധാനം ക്രമീകരിച്ചിരിക്കുന്നത്.

സ്‌പോണ്‍സര്‍ വേണ്ട എന്നതാണ് ഗോള്‍ഡ് കാര്‍ഡ് വിസയുടെ ഏറ്റവും വലിയ പ്രത്യേകത. കാര്‍ഡ് ഉള്ളവര്‍ക്ക് യഥേഷ്ടം രാജ്യത്തിന് അകത്തേക്കും പുറത്തേക്കും സഞ്ചരിക്കാം.

താമസ വിസക്കാര്‍ ആറ് മാസത്തില്‍ കൂടുതല്‍ രാജ്യത്തിന് പുറത്തു നില്‍ക്കാന്‍ പാടില്ലെന്ന നിബന്ധന ഗോള്‍ഡ് കാര്‍ഡിന് ബാധകമല്ല. ആരോഗ്യ ഇന്‍ഷൂറന്‍സ് പുതുക്കുന്നതടക്കം നടപടിക്രമങ്ങൾ കണക്കിലെടുത്താണ് പത്ത് വര്‍ഷത്തെ കാലാവധി. 

യുഎഇയില്‍ കഴിയുന്നതിനും കൂടുതല്‍ നിക്ഷേപം നടത്തുന്നതിനും ഉള്ള മികച്ച അവസരമാണ് ഗോള്‍ഡ് കാര്‍ഡിലൂടെ ലഭിക്കുന്നത് എന്ന് ജിഡിആര്‍എഫ്എ മേധാവി മേജര്‍ ജനറല്‍ മുഹമ്മദ് അഹമ്മത് അല്‍ മറി പറഞ്ഞു. ഈ വര്‍ഷം അവസാനത്തോടെ, 6800 പേര്‍ക്ക് ഗോള്‍ഡ് കാര്‍ഡ് നല്‍കാന്‍ ആണ് യുഎഇ ലക്ഷ്യമിടുന്നത്. കൂടാതെ വിവിധ കാലയളവുകളിലേക്കുള്ള ദീര്‍ഘകാല വീസകളും അനുവദിക്കുന്നുണ്ട്.