റോഡില്‍ അശ്രദ്ധ കാണിക്കുന്ന ഡ്രൈവര്‍മാര്‍ക്ക് മുന്നറിയിപ്പുമായി അബുദാബി പൊലീസ്. കഴിഞ്ഞ ദിവസമുണ്ടായ വാഹനാപകടത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സഹിതമാണ് സാമൂഹിക മാധ്യമങ്ങള്‍ വഴി പൊലീസിന്റെ ബോധവത്കരണം.

അബുദാബി: വാഹനമോടിക്കുന്നവര്‍ റോഡില്‍ ഒരിക്കലും അശ്രദ്ധരാകരുതെന്ന് ഓര്‍മിപ്പിക്കുകയാണ് അബുദാബി പൊലീസ്. മുഴുവന്‍ ശ്രദ്ധയും ഡ്രൈവിങില്‍ തന്നെയായിരിക്കണം. സ്മാര്‍ട്ട് ഫോണുകളിലേക്ക് ഒരു നിമിഷം ശ്രദ്ധ മാറുന്നതോ അല്ലെങ്കില്‍ ഫോട്ടോ എടുക്കാനോ മേക്ക് അപ്പ് ചെയ്യാനോ നടത്തുന്ന ഒരു ശ്രമമോ ചിലപ്പോള്‍ വലിയ അപകടത്തിലേക്ക് നിങ്ങളെ നയിക്കുമെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കുന്നു. കഴിഞ്ഞ ദിവസം നടന്ന അപകടത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സഹിതമാണ് പൊലീസിന്റെ ബോധവത്കരണം.

Add Asianetnews as a Preferred SourcegooglePreferred

റോഡില്‍ ഇടത്തുനിന്ന് രണ്ടാമത്തെ ലേനിലൂടെ മുന്നോട്ട് പോകുന്ന കാര്‍ പെട്ടെന്ന് വേഗത കുറയ്ക്കുന്നതാണ് പൊലീസ് പുറത്തുവിട്ട വീഡിയോയിലുള്ളത്. വേഗത കുറഞ്ഞ ലേനുകളിലേക്ക് മാറാനോ കാറിലെ ഹസാര്‍ഡ് ലൈറ്റുകള്‍ പ്രകാശിപ്പിക്കാനോ ഡ്രൈവര്‍ ശ്രമിക്കുന്നുമില്ല. വാഹമോടിക്കുന്നതിനിടെ ഡ്രൈവറുടെ ശ്രദ്ധ മറ്റെവിടേക്കോ മാറിയെന്ന് വ്യക്തം. ഇതിനിടെ തൊട്ടുപിന്നാലെ വരികയായിരുന്ന മറ്റൊരു കാര്‍ വേഗത കുറച്ച കാറിലേക്ക് ഇടിച്ചുകയറിയാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തില്‍ ഇരു കാറുകളും രണ്ട് വശങ്ങളിലേക്ക് നീങ്ങി. ഭാഗ്യം കൊണ്ടുമാത്രം മറ്റ് വാഹനങ്ങളൊന്നും അപകടത്തില്‍ പെട്ടില്ല. മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെയുള്ളവയുടെ ഉപയോഗം കാരണം ഡ്രൈവിങിലുണ്ടാകുന്ന അശ്രദ്ധയ്ക്ക് യുഎഇയില്‍ 800 ദിര്‍ഹം (15,000ല്‍ അധികം ഇന്ത്യന്‍ രൂപ) പിഴ അടയ്ക്കേണ്ടി വരും. അത്തരക്കാര്‍ക്ക് നാല് ബ്ലാക് പോയിന്റുകളും ലഭിക്കും.

View post on Instagram