അബുദാബി: ഓണ്‍ലൈനിലൂടെ വ്യാജ തൊഴില്‍ വാഗ്ദാനങ്ങള്‍ നല്‍കി കബളിപ്പിക്കുന്ന സംഘങ്ങള്‍ക്കെതിരെ മുന്നറിയിപ്പുമായി അബുദാബി പൊലീസ്. കൊവിഡ് കാലത്ത് ദുരിതത്തിലായവര്‍ക്ക് പ്രശസ്‍തമായ കമ്പനികളില്‍ ജോലി വാഗ്ദാനം ചെയ്ത് പണം വാങ്ങിയാണ് വ്യാജ റിക്രൂട്ട്മെന്റ് ഏജന്റുമാര്‍ തട്ടിപ്പുകള്‍ നടത്തുന്നതെന്ന് അബുദാബി പൊലീസ് ഇന്ന് പുറത്തിറക്കിയ മുന്നറിയിപ്പില്‍ പറയുന്നു. 

ഇല്ലാത്ത തൊഴിലവസരങ്ങള്‍ സോഷ്യല്‍ മീഡിയ വഴിയും വ്യാജ വെബ്സൈറ്റുകള്‍ വഴിയും പരസ്യം ചെയ്താണ് പ്രചരിപ്പിക്കുന്നത്. കൊവിഡ് പ്രതിസന്ധി കാരണം നിരവധിപ്പേര്‍ക്ക് ജോലി നഷ്ടമായ സാഹചര്യം മുതലെടുത്താണ് കബളിപ്പിക്കല്‍ നടത്തുന്നത്. പ്രമുഖ കമ്പനികള്‍ക്ക് വേണ്ടി ആളുകളെ എടുക്കാന്‍ നിയുക്തരായ ഏജന്റുമാരാണെന്ന് പരിചയപ്പെടുത്തി ഉദ്യോഗാര്‍ത്ഥികളെ സമീപിക്കുകയും അവരില്‍ നിന്ന് വന്‍തുക കൈപ്പറ്റുകയും ചെയ്യും. ഒടുവില്‍ പറഞ്ഞ ജോലി കിട്ടാതെയാവുമ്പോള്‍ മാത്രമായിരിക്കും കബളിപ്പിക്കപ്പെട്ടെന്ന വിവരം തിരിച്ചറിയുന്നത്.

യുഎഇയില്‍ താമസിക്കുന്നവര്‍ക്ക് പുറമെ മറ്റ് രാജ്യങ്ങളില്‍ നിന്നുള്ളവരെയും ഇങ്ങനെ കബളിപ്പിക്കുന്നതായി അബുദാബി പൊലീസ് പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു. തൊഴിലവസരങ്ങള്‍ സംബന്ധിച്ചുള്ള പരസ്യങ്ങളെക്കുറിച്ച് വ്യക്തമായി മനസിലാക്കിയ ശേഷമേ മുന്നോട്ട് പോകാവൂ എന്ന് പൊലീസ് പറയുന്നു. ഇത്തരം കബളിപ്പിക്കലുകള്‍ യുഎഇ നിയമപ്രകാരം മൂന്ന് വര്‍ഷം വരെ ജയില്‍ ശിക്ഷയ്ക്കും രണ്ടര ലക്ഷം മുതല്‍ 10 ലക്ഷം വരെ ദിര്‍ഹം പിഴയും ലഭിക്കാവുന്ന കുറ്റങ്ങളാണ്. തട്ടിപ്പുകാരെക്കുറിച്ച് വിവരം ലഭിക്കുന്നവര്‍ അക്കാര്യവും അറിയിക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.