അബുദാബി: യുഎഇയില്‍ പൊതുമേഖലയില്‍ തൊഴിലെടുക്കുന്ന എല്ലാ ജീവനക്കാരും 14 ദിവസം പിന്നിടുമ്പോള്‍ തുടര്‍ച്ചയായ കൊവിഡ് പി.സി.ആര്‍ പരിശോധന നടത്തണമെന്ന് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഗവണ്‍മെന്റ് ഹ്യൂമന്‍ റിസോഴ്സസ് പുറത്തിറക്കിയ പുതിയ സര്‍ക്കുലറില്‍ നിര്‍ദേശിച്ചു. ഫെഡറല്‍ വകുപ്പുകളിലും മന്ത്രാലയങ്ങളിലും ജോലി ചെയ്യുന്ന ജീവനക്കാര്‍ക്കും നിര്‍ദേശം ബാധകമായിരിക്കും.

പുതിയ നിര്‍ദേശം ജനുവരി 17 മുതല്‍ നിലവില്‍ വരും. ഫെഡറല്‍ ഗവണ്‍മെന്റ് തലത്തില്‍ കൊവിഡിനെ ചെറുക്കാനും  പ്രത്യാഘാതങ്ങള്‍ കുറക്കാനും ജീവനക്കാരുടെ ആരോഗ്യം സംരക്ഷിക്കാനും ലക്ഷ്യമിട്ടാണ്  നിര്‍ദേശം. പരിശോധനക്കുള്ള ചെലവുകള്‍ ജീവനക്കാര്‍ സ്വന്തമായി തന്നെ വഹിക്കണം. ജീവനക്കാര്‍, ഔട്ട്സോഴ്സിങ് വിഭാഗക്കാര്‍, പബ്ലിക് സര്‍വിസ് കമ്പനികളിലെ ജീവനക്കാര്‍, കണ്‍സല്‍ട്ടിങ് സേവനങ്ങളിലെ ജീവനക്കാര്‍, അവര്‍ കരാറിലേര്‍പ്പെട്ടിരിക്കുന്ന സംഘത്തിലെ ജീവനക്കാര്‍ എന്നിവരും ഓരോ രണ്ടാഴ്ചകളിലും കൊവിഡ് പി.സി.ആര്‍ പരിശോധന പൂര്‍ത്തിയാക്കണമെന്നും അധികൃതര്‍ വ്യക്തമാക്കി.