അൽ ദഫ്‍റ മേഖലയിൽ ഉച്ചയ്ക്ക് 2.45ന് രേഖപ്പെടുത്തിയ താപനില 50.8 ഡിഗ്രി സെൽഷ്യസാണ്. ഇത് റെക്കോർഡാണ്. ജൂലൈ 14,15 തീയതികളില്‍ യഥാക്രമം 50.1, 50.2 എന്ന നിലയില്‍ രാജ്യത്തെ താപനില എത്തിയിരുന്നു
ദുബൈ: വേനൽ വിടപറയാനിരിക്കെ 50 ഡിഗ്രിയും കടന്ന് റെക്കോർഡ് ചൂട് രേഖപ്പെടുത്തി യുഎഇ. അബുദാബിയിലെ അൽ ദഫ്‍റ മേഖലയിൽ 50.8 ഡിഗ്രി സെൽഷ്യസ് ചൂടാണ് രേഖപ്പെടുത്തിയത്. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നേരിയ മഴയും ലഭിച്ചു. അബുദാബി, ഫുജൈറ മേഖലകളിൽ മഴ മുന്നറിയിപ്പായ യെല്ലോ അലേർട്ടും നൽകിയിട്ടുണ്ട്. വേനൽക്കാലം തുടങ്ങിയ ശേഷം മൂന്ന് തവണ 50 ഡിഗ്രി സെൽഷ്യസ് കടന്ന യുഎഇയിൽ അബുദാബിയാണ് ഇന്ന് ചുട്ടുപൊള്ളിയത്.
അൽ ദഫ്‍റ മേഖലയിൽ ഉച്ചയ്ക്ക് 2.45ന് രേഖപ്പെടുത്തിയ താപനില 50.8 ഡിഗ്രി സെൽഷ്യസാണ്. ഇത് റെക്കോർഡാണ്. ജൂലൈ 14,15 തീയതികളില്‍ യഥാക്രമം 50.1, 50.2 എന്ന നിലയില്‍ രാജ്യത്തെ താപനില എത്തിയിരുന്നു. ചൂടിനൊപ്പം തന്നെ, വരും ദിവസങ്ങളിൽ മഴയ്ക്കുള്ള മുന്നറിയിപ്പുമുണ്ട്. അബുദാബി, ഫുജൈറ ഭാഗങ്ങളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ട്. 40 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശാം.
രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ പുലര്‍ച്ചെ മൂടല്‍ മഞ്ഞ് ശക്തമാകുമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. രാവിലെ 8.30 വരെ ഫോഗ് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കടുത്ത ചൂടിൽ അബുദാബിയിലെ അല്‍ ദഫ്ര മേഖലയില്‍ കഴിഞ്ഞ നാല് ദിവസമായി തുടര്‍ന്ന് വന്ന റെഡ് അലര്‍ട്ട് പിന്‍വലിച്ചു.
അതേസമയം, അല്‍ മിര്‍ഫ, അല്‍ റുവൈസ്, എന്നിവിടങ്ങളില്‍ യെല്ലോ അലര്‍ട്ട് നിലനില്‍ക്കുന്നുണ്ട്. റാസല്‍ഖൈമയിലെ ഷൗക്കയിലും അല്‍ ഐനിലെ ഷിവായിലും ഇന്ന് നേരിയ മഴ പെയ്തു. അതേസമയം, കഴിഞ്ഞ ദിവസം മക്കയില്‍ അനുഭവപ്പെട്ട കനത്ത മഴയിലും കാറ്റിലും തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തിലും ഒരാള്‍ മരണപ്പെട്ടിരുന്നു. കാര്‍ ഒഴുക്കില്‍പ്പെട്ട് സ്വദേശി അധ്യാപകനാണ് മരിച്ചത്. മിന എലമെന്ററി സ്‌കൂളിലെ അധ്യാപകന്‍ മുഹമ്മദ് അല്‍ തവൈം ആണ് മരിച്ചത്.
വെള്ളപ്പൊക്കത്തില്‍ കുടുങ്ങിയ കാറില്‍ നിന്ന് പുറത്തിറങ്ങാന്‍ ശ്രമിക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ട് മുങ്ങി മരിക്കുകയായിരുന്നു. 24 മണിക്കൂറിനിടെ 45 മില്ലീമീറ്റര്‍ മഴയാണ് പെയ്തതെങ്കിലും പല സ്ഥലങ്ങളിലും വെള്ളക്കെട്ട് രൂക്ഷമായിരുന്നു. മണിക്കൂറില്‍ 80 കിലോമീറ്റര്‍ വേഗത്തിലായിരുന്നു കാറ്റ് വീശിയത്. ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ പെയ്ത ശക്തമായ മഴയ്ക്ക് ശമനമുണ്ടായിട്ടുണ്ട്.
