അബുദാബി: യുഎഇയില്‍ രണ്ട് പേര്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചതായി ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇന്ന് 1008 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. അതേസമയം 882 പേര്‍ രോഗമുക്തരാവുകയും ചെയ്‍തു. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 92,000 കൊവിഡ് പരിശോധനകള്‍ രാജ്യത്ത് നടത്തിയതായും കണക്കുകള്‍ വ്യക്തമാക്കുന്നു.

ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം 89,540 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. ഇവരില്‍ 78,819 പേരും ഇതിനോടകം തന്നെ രോഗമുക്തി നേടി. 409 പേരാണ് മരണത്തിന് കീഴടങ്ങിയത്. നിലവില്‍ 10,312 രോഗികള്‍ രാജ്യത്ത് ചികിത്സയിലുണ്ട്.

അതിനിടെ വിവിധ രംഗങ്ങളിലെ മുന്‍നിര പ്രവര്‍ത്തകര്‍ക്ക് കൊവിഡ് വാക്സിന്റെ ആദ്യ ഡോസ് നല്‍കിത്തുടങ്ങി. കൊവിഡ് രോഗബാധയേല്‍ക്കാന്‍ സാധ്യത കൂടുതലുള്ളവര്‍ക്കാണ് ആദ്യം വാക്സിന്‍ നല്‍കുന്നത്. നിലവില്‍ 125 രാജ്യങ്ങളില്‍ നിന്നുള്ള 31,000 പേരില്‍ നടക്കുന്ന വാക്സിന്‍ പരീക്ഷണം വിജയകരമാണെന്നാണ് വിലയിരുത്തല്‍. വിദേശികള്‍ക്ക് രാജ്യത്തേക്ക് പ്രവേശിക്കാന്‍ കഴിഞ്ഞ ദിവസം മുതല്‍ യുഎഇ വിസകളും നല്‍കിത്തുടങ്ങിയിട്ടുണ്ട്.