അബുദാബി: യുഎഇയില്‍ വ്യാഴാഴ്‍ച 1398 പേര്‍ക്ക് കൊവിഡ് ബാധിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചികിത്സയിലായിരുന്ന 1666 പേര്‍ രോഗമുക്തരായി. രണ്ട് മരണങ്ങളാണ് കൊവിഡ് കാരണം കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്തുണ്ടായത്.

1,14,147 പരിശോധനകള്‍ നടത്തിയതില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെ രാജ്യത്ത് 1.13 കോടിയിലധികം കൊവിഡ് പരിശോധനകള്‍ നടത്തിയിട്ടുണ്ട്. ഔദ്യോഗിക കണക്കുകള്‍ പ്രകാരം രാജ്യത്ത് ഇതുവരെ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം 1,11,437 ആയി. ഇവരില്‍ 1,03,325 പേര്‍ രോഗമുക്തരായിട്ടുണ്ട്. 452 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. നിലവില്‍ 7,660 കൊവിഡ് രോഗികള്‍ രാജ്യത്തുണ്ട്. കഴിഞ്ഞ ദിവസമാണ് രാജ്യത്ത് ഏറ്റവുമധികം പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. പ്രതിദിന കൊവിഡ് വ്യാപന നിരക്ക് ബുധനാഴ്‍ച 1431 വരെ എത്തിയ സാഹചര്യത്തില്‍ ജാഗ്രതയില്‍ വിട്ടുവീഴ്‍ച അരുതെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്നത്.