അബുദാബി: യുഎഇയില്‍ ഇന്ന് 391 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു. 143 പേര്‍ രോഗമുക്തരായി. ചികിത്സയിലായിരുന്ന ഒരാള്‍ മരണപ്പെടുകയും ചെയ്തു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി രാജ്യത്ത് രോഗികളുടെ എണ്ണം വര്‍ദ്ധിച്ചുവരികയായിരുന്നുവെങ്കിലും ഇന്ന് നേരീയ കുറവുണ്ടായത് ആശ്വാസം പകരുന്നതാണ്.

ഇന്നലെ 461 പേര്‍ക്കും ബുധനാഴ്ച 435 പേര്‍ക്കും യുഎഇയില്‍ കൊവിഡ് ബാധിച്ചിരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ 82,191 പരിശോധനകളിലൂടെയാണ് ഇന്ന് 391 പുതിയ കൊവിഡ് രോഗികളെ കണ്ടെത്തിയത്. ഇന്ന് ഒരാള്‍ കൂടി മരിച്ചതോടെ രാജ്യത്തെ കൊവിഡ് മരണങ്ങള്‍ 370 ആയി. ഇതുവരെ 66,193 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. ഇവരില്‍ 58,296 പേര്‍ രോഗമുക്തരായി. 7527 രോഗികളാണ് രാജ്യത്ത് ഇപ്പോഴുള്ളത്. പരിശോധനകളുടെ എണ്ണം കൂട്ടി പരമാവധി രോഗികളെ നേരത്തെ തന്നെ കണ്ടെത്തി ചികിത്സ നല്‍കാനുള്ള ശ്രമങ്ങളാണ് രാജ്യത്ത് ഊര്‍ജിതമായി നടക്കുന്നതെന്ന് ആരോഗ്യ-പ്രതിരോധ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.