അബുദാബി: യുഎഇയില്‍ ശനിയാഴ്ച 424 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു. 122 പേര്‍ക്ക് രോഗം ഭേഗമായി. രണ്ട് കൊവിഡ് മരണങ്ങളും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. കഴിഞ്ഞ 24 മണിക്കൂറിനിടെ 70,079 കൊവിഡ് പരിശോധനകളാണ് രാജ്യത്ത് നടത്തിയത്.

ഇതുവരെ 66,617 പേര്‍ക്കാണ് യുഎഇയില്‍ കൊവിഡ് സ്ഥിരീകരിക്കപ്പെട്ടിട്ടുള്ളത്. ഇവരില്‍ 58,408 പേര്‍ ഇതിനോടകം രോഗമുക്തരായിട്ടുണ്ട്. 372 കൊവിഡ് മരണങ്ങളും രാജ്യത്തുണ്ടായി. ഇപ്പോള്‍ 7,837 രോഗികളാണ് ചികിത്സയിലുള്ളത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി രാജ്യത്ത് പുതിയ രോഗികളുടെ എണ്ണം കൂടുന്നത്, സര്‍ക്കാര്‍ നിര്‍ദേശിച്ച മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാന്‍ ജനങ്ങള്‍ വീഴ്ച വരുത്തുന്നത് കൊണ്ടാണെന്നാണ് വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ ശക്തമായ നടപടികള്‍ സ്വീകരിക്കേണ്ടിവരുമെന്ന് കഴിഞ്ഞ ദിവസം ഉന്നത ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ദേശീയ അണുനശീകരണ പരിപാടി വീണ്ടും തുടങ്ങേണ്ടിവരുമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.