അബുദാബി: യുഎഇയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 2,443 പേര്‍ കൊവിഡ് രോഗമുക്തി നേടി. അതേസമയം 513 പേര്‍ക്ക് മാത്രമാണ് രാജ്യത്ത് ഇന്ന് രോഗം സ്ഥിരീകരിച്ചത്. പുതിയ രോഗികളുടെ നാലിരട്ടിയിലധികം പേര്‍ രോഗമുക്തരായതിന് പുറമെ പുതിയ കൊവിഡ് മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുമില്ലെന്നതും ആശ്വാസം പകരുന്നു.

ഇതുവരെ 73,984 പേര്‍ക്കാണ് യുഎഇയില്‍ കൊവിഡ് വൈറസ് സ്ഥിരീകരിക്കപ്പെട്ടിട്ടുള്ളത്. ഇവരില്‍ 66,095 പേരും രോഗമുക്തി നേടിയിട്ടുണ്ട്. രാജ്യത്ത് 388 പേര്‍ക്കാണ് കൊവിഡ് കാരണം ജീവന്‍ നഷ്ടമായത്. ഇപ്പോള്‍ 7,501 കൊവിഡ് രോഗികളാണ് രാജ്യത്തുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 87,000 കൊവിഡ് പരിശോധകള്‍ യുഎഇയില്‍ ഉടനീളം നടന്നു. ഇതുവരെ 75 ലക്ഷത്തില്‍പരം പരിശോധനകള്‍ നടത്തിക്കഴിഞ്ഞതായി ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു.