അബുദാബി: യുഎഇയിലെ സ്ഥിരതാമസക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും അബുദാബിയില്‍ പ്രവേശിക്കാന്‍ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി. എമിറേറ്റില്‍ പ്രവേശിക്കുന്നതിന് 48 മണിക്കൂറിനിടെ നടത്തിയ പരിശോധനയുടെ ഫലമാണ് ആവശ്യമെന്ന് അബുദാബി എമര്‍ജന്‍സി, ക്രൈസിസ് ആന്റ് ഡിസാസ്റ്റര്‍ കമ്മിറ്റി അറിയിച്ചു.

തിങ്കളാഴ്ചയാണ് ഇത് സംബന്ധിച്ചുള്ള അറിയിപ്പ് അധികൃതര്‍ പുറത്തിറക്കിയത്. അല്‍ ഹുസ്‍ന്‍ ആപ് വഴിയോ അല്ലെങ്കില്‍ ടെക്സ്റ്റ് മേസേജ് വഴിയോ ഉള്ള കൊവിഡ് നെഗറ്റീവ് ഫലമാണ് അബുദാബിയില്‍ പ്രവേശിക്കാന്‍ ആവശ്യം. നാഷണല്‍ സ്ക്രീനിങ് പ്രോഗ്രാമിന്റെ ഭാഗമായ ഏത് ആശുപത്രിയില്‍ നിന്നും ടെസ്റ്റിങ് കേന്ദ്രങ്ങളില്‍ നിന്നുമുള്ള പരിശോധനാ ഫലം അതിനായി ഉപയോഗിക്കാം.

അബുദാബിക്ക് പുറത്ത് ജോലി ചെയ്യുന്ന തൊഴിലാളികളുടെ പ്രവേശനത്തിന് ഇപ്പോഴും വിലക്കുണ്ട്. അതേസമയം എല്ലാ വിധത്തിലുമുള്ള ചരക്ക് ഗതാഗതത്തിന് ഇളവ് അനുവദിക്കുമെന്നും അബുദാബി മീഡിയാ ഓഫീസ് അറിയിച്ചു. മാസ്‍ക് ധരിക്കുന്നതും വാഹനങ്ങളിലടക്കം സാമൂഹിക അകലം പാലിക്കുന്നതുമുള്‍പ്പെടെയുള്ള എല്ലാ സുരക്ഷാ നിര്‍ദേശങ്ങളും എല്ലാവരും പാലിക്കണമെന്നും അധികൃതര്‍ നിര്‍ദേശിച്ചിട്ടുണ്ട്.

കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ജൂണ്‍ രണ്ട് മുതലാണ് അബുദാബിയില്‍ പ്രത്യേക പ്രവേശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്. ദേശീയ അണുനശീകരണ പ്രവര്‍ത്തനങ്ങള്‍ അവസാനിച്ചതിന് പിന്നാലെ യുഎഇയിലെ പൊതു നിയന്ത്രണങ്ങള്‍ എടുത്തുകളഞ്ഞെങ്കിലും അബുദാബിയില്‍ പ്രത്യേക നിയന്ത്രണങ്ങള്‍ തുടരുകയാണ്.