ദുബായ്: യുഎഇയിൽ നിരവധി സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. കനത്തമഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ ക്ലാസ്സ് മുറികളിൽ കയറിയ വെള്ളം നീക്കം ചെയ്യുന്നതിന് വേണ്ടിയാണ് സ്കൂളുകൾ അടിച്ചിടാൻ അധികൃതർ തീരുമാനിച്ചത്. ചില സ്കൂളുകൾ ഇന്ന് നടത്താനിരുന്ന പരീക്ഷകൾ മാറ്റിവച്ചതായി ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്തു. യുഎയിൽ കഴിഞ്ഞ ഒരാഴ്ചയായി മഴ തുടരുകയാണ്.

ജനുവരി 12ന് നടത്താനിരുന്ന പരീക്ഷകൾ മാറ്റിവച്ചെന്ന് കാണിച്ച് സ്കൂൾ അധികൃതർ ഫേസ്ബുക്ക് പോസ്റ്റ് പങ്കുവച്ചിട്ടുണ്ട്. കൂടാതെ, സ്കൂള്‍ അവധിയായിരിക്കുമെന്നത് സംബന്ധിച്ച് പ്രസ്താവനയും പുറത്തിറക്കിയിട്ടുണ്ട്. അതേസമയം, നിലവിലത്തെ സാഹചര്യത്തിൽ സ്കൂളുകൾ തുറക്കുന്നതിനും അടച്ചിടുന്നതിനും സ്കൂൾ‌ അധിക‍ൃതർക്ക് സ്വമേധയാ തീരുമാനമെടുക്കാമെന്ന് കെഎച്ച്ഡിഎ നേരത്തെ അറിയിച്ചിരുന്നു.

സ്കൂളുകളിൽ ശുചീകരണ പരിപാടികൾ‌ ആരംഭിച്ചതായും തിങ്കളാഴ്ച സ്കൂളുകൾ തുറന്ന് പ്രവർത്തിക്കാൻ‌ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും അധികൃതർ അറിയിച്ചു. അതിന് പുറമെ ഞായറാഴ്ചത്തെ കാലാവസ്ഥകൂടി പരി​ഗണിച്ച മാത്രമെ സ്കൂളുകൾ തുറക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാകുകയുള്ളൂവെന്നും അധികൃതർ വ്യക്തമാക്കി.