പ്രവേശന കവാടങ്ങളില്‍ വെച്ചുതന്നെ ശരീര ഊഷ്‍മാവ് പരിശോധിച്ച ശേഷമാണ് വിദ്യാര്‍ത്ഥികളെയെല്ലാം സ്‍കൂളുകളിലേക്ക് പ്രവേശിപ്പിച്ചത്. ക്ലാസ് ‍മുറികളും പരിസരങ്ങളുമെല്ലാം നേരത്തെ തന്നെ അണുവിമുക്തമാക്കിയിരുന്നു. സാമൂഹിക അകലം ഉറപ്പുവരുത്തുന്ന തരത്തിലാണ് ക്ലാസ് മുറികളില്‍ ഇരിപ്പിടങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്.

ദുബായ്: സാമൂഹിക അകലം പാലിച്ചും മാസ്‍ക് അടക്കമുള്ള സുരക്ഷാ നടപടികള്‍ സ്വീകരിച്ചും യുഎഇയിലെ വിദ്യാലയങ്ങള്‍ തുറന്നു. ഓണ്‍ലൈന്‍ പഠനം തന്നെ തുടരാന്‍ സന്നദ്ധത പ്രകടിപ്പിച്ച വിദ്യാര്‍ത്ഥികള്‍ ഇനിയും വീടുകളില്‍ തന്നെ തുടരും. അതേസമയം അധ്യാപകരുടെയും ജീവനക്കാരുടെയും കൊവിഡ് പരിശോധന പൂര്‍ത്തിയായിട്ടില്ലാത്ത ചില സ്കൂളുകള്‍ ക്ലാസുകള്‍ ആരംഭിക്കുന്നത് നീട്ടിവെച്ചിട്ടുമുണ്ട്.

കഴിഞ്ഞ മാര്‍ച്ച് മുതല്‍ അടച്ചിട്ടിരിക്കുന്ന സ്കൂളുകള്‍ ഇന്ന് തുറന്നപ്പോള്‍ പക്ഷേ സ്കൂളുകളും പരിസരവും സഹപാഠികളുമൊന്നും പഴയതുപോലെ ആയിരുന്നില്ല. പ്രവേശന കവാടങ്ങളില്‍ വെച്ചുതന്നെ ശരീര ഊഷ്‍മാവ് പരിശോധിച്ച ശേഷമാണ് വിദ്യാര്‍ത്ഥികളെയെല്ലാം സ്‍കൂളുകളിലേക്ക് പ്രവേശിപ്പിച്ചത്. ക്ലാസ് ‍മുറികളും പരിസരങ്ങളുമെല്ലാം നേരത്തെ തന്നെ അണുവിമുക്തമാക്കിയിരുന്നു. സാമൂഹിക അകലം ഉറപ്പുവരുത്തുന്ന തരത്തിലാണ് ക്ലാസ് മുറികളില്‍ ഇരിപ്പിടങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്. കുട്ടികള്‍ പരസ്‍പരം ഇടപഴകുന്നത് പരമാവധി കുറയ്ക്കുന്നതിന് വേണ്ടി പല സ്‍കൂളുകളിലും ഇന്റര്‍വെലുകളിലും കുട്ടികള്‍ ക്ലാസ് മുറികളില്‍ തന്നെ ഇരുന്നു.

ഷാര്‍ജ, അജ്‍മാന്‍ എന്നിവിടങ്ങളിലെ സ്‍കൂളുകളില്‍ രണ്ടാഴ്ച കൂടി ഓണ്‍ലൈന്‍ പഠനം തുടരുമെന്ന് അറിയിച്ചിട്ടുണ്ട്. മറ്റ് എമിറേറ്റുകളിലാണ് ഇന്ന് വിദ്യാര്‍ത്ഥികള്‍ സ്‍കൂളുകളിലെത്തിയത്. കുട്ടികളുടെ പഠനം എങ്ങിനെ വേണമെന്നത് രക്ഷിതാക്കൾക്ക് തീരുമാനിക്കാമെന്ന് നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്‌മെന്റ് അതോറിറ്റി അറിയിച്ചിരുന്നു. ഓൺലൈൻ ക്ലാസ്സുകൾതന്നെ മതിയെന്ന അഭിപ്രായത്തിലാണ് ഭൂരിപക്ഷം അദ്ധ്യാപകരും വിദ്യാർത്ഥികളും. അതേസമയം ഇ ലേണിങ് എത്രനാൾ തുടരുമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടില്ല.