പുതിയ അധ്യയന വര്‍ഷത്തില്‍ ഒട്ടേറെ പുതിയ പദ്ധതികളാണ് സര്‍ക്കാര്‍ ഒരുക്കിയിട്ടുള്ളത്. പ്രശ്ന രഹിത അധ്യയന വര്‍ഷം എന്ന പദ്ധതിക്ക് വിദ്യാഭ്യാസ മന്ത്രാലയം തുടക്കമിട്ടിട്ടുണ്ട്. പുതിയ അധ്യയന വര്‍ഷം കുട്ടികളില്‍ പഠനത്തിനുള്ള ഉത്സാഹവും പ്രചോദനവും അഭിനിവേഷവും വര്‍ധിപ്പിക്കുന്ന രീതിയിലുള്ളതാകുമെന്ന് വിദ്യാഭ്യാസ മന്ത്രി ഹുസൈന്‍ ബിന്‍ ഇബ്രാഹിം അല്‍ ഹമ്മാദി വ്യക്തമാക്കി

അബുദാബി: അവധിക്കാലത്തിന് ശേഷം യുഎഇ യില്‍ ഇന്ന് പുതിയ അധ്യയന വര്‍ഷത്തിന് തുടക്കം. പതിനൊന്ന് ലക്ഷത്തോളം കുട്ടികളാണ് ഞായറാഴ്ച സ്കൂളുകളിലേക്ക് മടങ്ങിയെത്തുന്നത്. 616 പൊതുവിദ്യാലയങ്ങളും വിദ്യാര്‍ഥികളെ വരവേല്‍ക്കാന്‍ തയ്യാറായതായി വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി.

പുതിയ അധ്യയന വര്‍ഷത്തില്‍ ഒട്ടേറെ പുതിയ പദ്ധതികളാണ് സര്‍ക്കാര്‍ ഒരുക്കിയിട്ടുള്ളത്. പ്രശ്ന രഹിത അധ്യയന വര്‍ഷം എന്ന പദ്ധതിക്ക് വിദ്യാഭ്യാസ മന്ത്രാലയം തുടക്കമിട്ടിട്ടുണ്ട്. പുതിയ അധ്യയന വര്‍ഷം കുട്ടികളില്‍ പഠനത്തിനുള്ള ഉത്സാഹവും പ്രചോദനവും അഭിനിവേഷവും വര്‍ധിപ്പിക്കുന്ന രീതിയിലുള്ളതാകുമെന്ന് വിദ്യാഭ്യാസ മന്ത്രി ഹുസൈന്‍ ബിന്‍ ഇബ്രാഹിം അല്‍ ഹമ്മാദി വ്യക്തമാക്കി.

പുതിയ അധ്യയന വര്‍ഷത്തിന് മുന്നോടിയായി 26000 അധ്യാപകര്‍ക്കും ഒരാഴ്ച നീണ്ടു നിന്ന ടെക്നിക്കല്‍ പരിശീലനം നല്‍കിയിരുന്നു. അധ്യാപക - വിദ്യാര്‍ഥി - രക്ഷകര്‍ത്താക്കളുടെ മികച്ച സൗഹൃദം ഉണ്ടാക്കുന്ന നിലയിലുള്ളതാകും ഇത്തവണത്തെ പഠന സമ്പ്രദായം. 

കുട്ടികളുടെ സുരക്ഷയ്ക്കും ഇക്കുറി മുന്‍തൂക്കം നല്‍കിയിട്ടുണ്ട്. സ്കൂള്‍ ബസുകൾക്ക് നിരത്തില്‍ മുന്‍ഗണന നല്‍കിയില്ലെങ്കില്‍ അയ്യായിരം ദിര്‍ഹം വരെ പിഴ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചിട്ടുണ്ട്. കൂടാതെ നിയമം ലംഘിക്കുന്ന ഡ്രൈവർമാരുടെ ലൈസൻസിൽ പത്ത് ബ്ലാക്ക്മാർക്കുകളും പതിക്കുമെന്ന് അബുദാബി ട്രാഫിക് ആൻഡ് പട്രോൾ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ബ്രിഗേഡിയർ അഹ്മദ് അൽ ഷെഹ്ഹി അറിയിച്ചിട്ടുണ്ട്.

അതേസമയം പ്രളയത്തില്‍ പെട്ട് ഗള്‍ഫിലേക്ക് തിരിച്ചുവരാന്‍ വൈകുന്നവർക്ക് കൂടുതൽ സമയം അനുവദിക്കുമെന്ന് ഇന്ത്യന്‍ സ്കൂളുകള്‍ അറിയിച്ചിട്ടുണ്ട്.