ദുബൈ നഗരത്തിന്‍റെ വിവിധ ഭാഗങ്ങളിലായി 40 കേന്ദ്രങ്ങളിൽ 48 അത്ഭുതകരമായ വെടിക്കെട്ടുകൾ നടക്കും. കഴിഞ്ഞ വർഷം 36 കേന്ദ്രങ്ങളിലായിരുന്നു വെടിക്കെട്ട് ഉണ്ടായിരുന്നത്.

ദുബൈ: പുതുവർഷത്തെ വരവേൽക്കാൻ ചരിത്രത്തിലെ ഏറ്റവും വലിയ ആഘോഷങ്ങൾക്കൊരുങ്ങി ദുബൈ നഗരം. ഡിസംബർ 31ന് നഗരത്തിന്‍റെ വിവിധ ഭാഗങ്ങളിലായി 40 കേന്ദ്രങ്ങളിൽ 48 അത്ഭുതകരമായ വെടിക്കെട്ടുകൾ നടക്കുമെന്ന് ദുബൈ ഇവന്‍റ് സെക്യൂരിറ്റി കമ്മിറ്റി വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കഴിഞ്ഞ വർഷം 36 കേന്ദ്രങ്ങളിലായിരുന്നു വെടിക്കെട്ട് ഉണ്ടായിരുന്നത്.

വെടിക്കെട്ട്

ബുർജ് ഖലീഫയെയും ഡൗൺടൗൺ ദുബൈയെയും കൂടാതെ ഒട്ടേറെ കേന്ദ്രങ്ങളിൽ ഇത്തവണ ആകാശം വർണാഭമാകും. ബുർജ് അൽ അറബ്, പാം ജുമൈറ, ദുബൈ ഫ്രെയിം, എക്സ്പോ സിറ്റി, ഗ്ലോബൽ വില്ലേജ്. ദുബൈ ഫെസ്റ്റിവൽ സിറ്റി, ദുബായ് ക്രീക്ക് ഹാർബർ, ബ്ലൂവാട്ടേഴ്സ് (ജെബിആർ), അൽ സീഫ്, ഹത്ത, ടൗൺ സ്‌ക്വയർ, ലാ മെർ തുടങ്ങിയയിടങ്ങളിലും വെടിക്കെട്ട് ഉണ്ടാകും.

വൻ സുരക്ഷാ സന്നാഹം

ആഘോഷങ്ങൾ സുരക്ഷിതമായി പൂർത്തിയാക്കാൻ ദുബൈ ചരിത്രത്തിലെ ഏറ്റവും വലിയ സുരക്ഷാ ഓപ്പറേഷനാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. 9,884 ദുബൈ പൊലീസ് ഉദ്യോഗസ്ഥരും 13,502 സ്വകാര്യ സുരക്ഷാ ജീവനക്കാരും ഉൾപ്പെടെ ആകെ 23,000-ത്തിലധികം പേരെയാണ് വിന്യസിക്കുക. 1,625 സുരക്ഷാ പട്രോളിംഗ് വാഹനങ്ങൾ, 36 സൈക്കിൾ പട്രോളിംഗ്, 34 കുതിരപ്പട, കടലിലെ സുരക്ഷയ്ക്കായി 53 മറൈൻ റെസ്ക്യൂ ബോട്ടുകൾ എന്നിവയും സജ്ജമാണ്. 55 സർക്കാർ-സ്വകാര്യ സ്ഥാപനങ്ങളുടെ ഏകോപനത്തോടെയാണ് ഈ ക്രമീകരണങ്ങൾ.

ലക്ഷക്കണക്കിന് ആളുകൾ എത്തുമെന്ന് പ്രതീക്ഷിക്കുന്നതിനാൽ റോഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി വിപുലമായ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. 14,000 ടാക്സികൾ നിരത്തിലിറങ്ങും.1,300 പൊതു ബസുകൾ സർവീസ് നടത്തും. 107 മെട്രോ ട്രെയിനുകൾ ഓടും. ഈ പ്രവർത്തനങ്ങൾ നിയന്ത്രിക്കാനായി 5,565 ആർടിഎ ജീവനക്കാർ രംഗത്തുണ്ടാകും. അടിയന്തര സാഹചര്യങ്ങൾ നേരിടാൻ വൻ സജ്ജീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. 1,754 ഉദ്യോഗസ്ഥരും 165 അഗ്നിശമന വാഹനങ്ങളും തയ്യാറായിരിക്കും. 236 ആംബുലൻസുകൾ, 635 പാരാമെഡിക്കൽ ജീവനക്കാർ, 1,900 ആരോഗ്യ പ്രവർത്തകർ എന്നിവർ ഡ്യൂട്ടിയിലുണ്ടാകും. 12 ആശുപത്രികളും ഔട്ട്ഡോർ ക്ലിനിക്കുകളും സജ്ജമാക്കിയിട്ടുണ്ട്. ദുബൈയിലെ താമസക്കാർക്കും വിനോദസഞ്ചാരികൾക്കും തടസ്സങ്ങളില്ലാതെ പുതുവർഷം ആഘോഷിക്കാൻ എല്ലാവിധ മുന്നൊരുക്കങ്ങളും പൂർത്തിയായതായി അധികൃതർ വ്യക്തമാക്കി.