സൗദിയിലെ നീതിന്യായ വ്യവസ്ഥയ്ക്കും, നിയമങ്ങള്‍ സുതാര്യമായും നിഷ്പക്ഷമായും നടപ്പിലാക്കുന്നതില്‍ രാജ്യത്തിന്റെ പ്രതിബദ്ധതയ്ക്കും പിന്തുണ നല്‍കുന്നതായും യുഎഇ വിദേശകാര്യ അന്താരാഷ്ട്ര സഹകരണ മന്ത്രാലയം അറിയിച്ചു.

അബുദാബി: മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് അമേരിക്കന്‍ കോണ്‍ഗ്രസിലെത്തിയ റിപ്പോര്‍ട്ട് നിഷേധിച്ച സൗദി വിദേശകാര്യ മന്ത്രാലയത്തിന്‍റെ പ്രസ്താവനയ്ക്ക് പിന്തുണ അറിയിച്ച് യുഎഇ. ശനിയാഴ്ച എമിറേറ്റ്‌സ് ന്യൂസ് ഏജന്‍സിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. 

സൗദി അറേബ്യയുടെ നീതിന്യായ വ്യവസ്ഥയില്‍ പൂര്‍ണമായും വിശ്വാസമുണ്ടെന്നും സൗദിയിലെ നീതിന്യായ വ്യവസ്ഥയ്ക്കും, നിയമങ്ങള്‍ സുതാര്യമായും നിഷ്പക്ഷമായും നടപ്പിലാക്കുന്നതില്‍ രാജ്യത്തിന്റെ പ്രതിബദ്ധതയ്ക്കും പിന്തുണ നല്‍കുന്നതായും യുഎഇ വിദേശകാര്യ അന്താരാഷ്ട്ര സഹകരണ മന്ത്രാലയത്തെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടില്‍ കൂട്ടിച്ചേര്‍ത്തു. 

അതേസമയം ജമാല്‍ ഖഷോഗിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് അമേരിക്കന്‍ കോണ്‍ഗ്രസിലെത്തിയ റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ സൗദി അറേബ്യ പൂര്‍ണമായും നിഷേധിച്ചിരുന്നു. രാജ്യനേതൃത്വത്തെ കുറിച്ച് റിപ്പോര്‍ട്ടിലെ നിഷേധാത്മകവും തെറ്റായതുമായ നിഗമനങ്ങള്‍ അംഗീകരിക്കാനാവില്ലെന്ന് സൗദി വിദേശകാര്യമന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി. 

സൗദി ഭരണകൂടം ഈ റിപ്പോര്‍ട്ട് ഒരു രീതിയിലും അംഗീകരിക്കില്ലെന്ന് മന്ത്രാലയം അറിയിച്ചു. രാജ്യത്തെ നിയമങ്ങളും മൂല്യങ്ങളും ലംഘിച്ച ഗുരുതരമായ കുറ്റകൃത്യമാണിതെന്ന് സൗദി അധികാരികള്‍ മുമ്പ് പ്രസ്താവന നടത്തിയ കാര്യം മന്ത്രാലയം ഓര്‍മ്മപ്പെടുത്തി. കുറ്റവാളികള്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുകയും കോടതി അന്തിമ വിധി പുറപ്പെടുവിക്കുകയും ചെയ്തെന്നും കുറ്റവാളികള്‍ക്ക് ശിക്ഷ നല്‍കിയത് ജമാല്‍ ഖഷോഗിയുടെ കുടുംബം സ്വാഗതം ചെയ്തിട്ടുണ്ടെന്നും പ്രസ്താവനയില്‍ വിശദമാക്കി.