എബോള വൈറസ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, ഉഗാണ്ട, ദക്ഷിണ സുഡാൻ എന്നീ മൂന്ന് ആഫ്രിക്കൻ രാജ്യങ്ങളിലെ പൗരന്മാർക്ക് യുഎഇ താൽക്കാലികമായി പുതിയ വിസകൾ നൽകുന്നത് നിർത്തിവെച്ചു.
ദുബായ്: ആഫ്രിക്കൻ രാജ്യങ്ങളിൽ പടർന്നുപിടിക്കുന്ന എബോള വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ മൂന്ന് ആഫ്രിക്കൻ രാജ്യങ്ങളിലെ പൗരന്മാർക്ക് പുതിയ വിസകൾ അനുവദിക്കുന്നത് യുഎഇ താൽക്കാലികമായി നിർത്തിവെച്ചു. രാജ്യത്തിന്‍റെ പൊതുജനാരോഗ്യ സുരക്ഷ മുൻനിർത്തിയും പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിന്‍റെയും ഭാഗമായാണ് ഈ അടിയന്തര നടപടിയെന്ന് അധികൃതർ വ്യക്തമാക്കി.
യുഎഇ നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്‍റ് അതോറിറ്റിയും ഫെഡറൽ അതോറിറ്റി ഫോർ ഐഡന്‍റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റിയും സംയുക്തമായാണ് പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്.
ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, ഉഗാണ്ട, ദക്ഷിണ സുഡാൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവർക്കാണ് വിലക്കേർപ്പെടുത്തിയിരിക്കുന്നത്. ഈ രാജ്യങ്ങളിലെ പൗരന്മാർക്ക് വിസിറ്റ് വിസകൾ ഉൾപ്പെടെയുള്ള യാതൊരുവിധ പുതിയ വിസകളും ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ അനുവദിക്കില്ല.
കണക്റ്റിങ് ഫ്ലൈറ്റുകൾക്കും നിരോധനം
ഈ മൂന്ന് രാജ്യങ്ങളിൽ നിന്ന് മറ്റ് രാജ്യങ്ങൾ വഴി ട്രാൻസിറ്റ് ചെയ്ത് യുഎഇയിൽ എത്തുന്ന യാത്രക്കാർക്കും പ്രവേശന നിയന്ത്രണമുണ്ടാകും. എന്നാൽ, ഈ രാജ്യങ്ങൾക്ക് പുറത്ത് തുടർച്ചയായി 21 ദിവസത്തിലധികം താമസിച്ച ശേഷം യുഎഇയിലേക്ക് വരുന്നവരെ ഈ നിയന്ത്രണങ്ങളിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അവർക്ക് രാജ്യത്തേക്ക് പ്രവേശിക്കാൻ അനുമതി നൽകും. ജൂൺ 6 ശനിയാഴ്ച ഉച്ചയ്ക്ക് 1 മണി മുതൽ പുതിയ നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വന്നു.
ആഗോള ആരോഗ്യ സാഹചര്യങ്ങൾ വിലയിരുത്തിക്കൊണ്ട് ഈ കാലാവധി നീട്ടുന്ന കാര്യം പിന്നീട് തീരുമാനിക്കും. അതേസമയം, ഈ രാജ്യങ്ങളിലേക്കുള്ള കാർഗോ സർവീസുകളെയും ട്രാൻസിറ്റ് വിമാന സർവീസുകളെയും ഈ നിയന്ത്രണങ്ങൾ ബാധിക്കില്ല. ചരക്കുഗതാഗതം തടസ്സമില്ലാതെ തുടരും.


