ആഫ്രിക്കയിൽ പടരുന്ന എബോള വൈറസിന്‍റെ പശ്ചാത്തലത്തിൽ യുഎഇ ആരോഗ്യ മന്ത്രാലയം പൗരന്മാർക്കും താമസക്കാർക്കുമായി പുതിയ യാത്രാ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. നിലവിൽ രാജ്യത്ത് രോഗബാധയില്ലെങ്കിലും, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, ഉഗാണ്ട രാജ്യങ്ങളിലേക്കുള്ള യാത്രകൾ ഒഴിവാക്കാനും യാത്രക്കാർക്ക് ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കാനും നിർദ്ദേശമുണ്ട്.

ദുബായ്: ആഫ്രിക്കൻ രാജ്യങ്ങളിൽ പടർന്നുപിടിക്കുന്ന എബോള വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ പൗരന്മാർക്കും താമസക്കാർക്കുമായി പുതിയ യാത്രാ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് യുഎഇ ആരോഗ്യ മന്ത്രാലയം. നിലവിൽ യുഎഇയിൽ ആർക്കും തന്നെ രോഗബാധ സ്ഥിരീകരിച്ചിട്ടില്ലെന്നും രാജ്യത്തെ പൊതുജനാരോഗ്യ സാഹചര്യം പൂർണ്ണമായും സുരക്ഷിതമാണെന്നും മന്ത്രാലയം വ്യക്തമാക്കി. മുൻകരുതലിന്റെ ഭാഗമായാണ് പുതിയ നിർദ്ദേശങ്ങൾ.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

എബോളയുടെ ബുന്ദിബുഗ്യോ എന്ന വകഭേദമാണ് ഇപ്പോൾ പടർന്നുപിടിക്കുന്നത്. നിലവിലെ സാഹചര്യത്തിൽ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, ഉഗാണ്ട, ദക്ഷിണ സുഡാൻ എന്നീ രാജ്യങ്ങളിലേക്ക് അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ യാത്ര ചെയ്യരുതെന്ന് യുഎഇ വിദേശകാര്യ മന്ത്രാലയം നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു. ഈ പുതിയ വകഭേദത്തിനെതിരെ നിലവിൽ അംഗീകൃത വാക്സിനുകൾ ലഭ്യമല്ലെന്നത് ആശങ്ക വർധിപ്പിക്കുന്നുണ്ട്.

ലോകാരോഗ്യ സംഘടന ഈ രോഗവ്യാപനത്തെ അന്താരാഷ്ട്ര പ്രാധാന്യമുള്ള പൊതുജനാരോഗ്യ അടിയന്തരാവസ്ഥയായി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ആഗോളതലത്തിൽ ഇതൊരു വലിയ ഭീഷണിയാകാൻ സാധ്യത കുറവാണെന്നാണ് വിലയിരുത്തൽ.

ലക്ഷണങ്ങളും രോഗപ്പകർച്ചയും

വൈറസ് ബാധിച്ച ആളുകളുടെ രക്തം, ശരീരസ്രവങ്ങൾ, മലിനമായ പ്രതലങ്ങൾ, രോഗം ബാധിച്ച വന്യമൃഗങ്ങൾ എന്നിവയിലൂടെയാണ് ഇബോള പകരുന്നത്. എന്നാൽ കൊവിഡിനെയോ ഇൻഫ്ലുവൻസയെയോ പോലെ ഇത് വായുവിലൂടെ പകരില്ലെന്നും ലക്ഷണങ്ങൾ കാണിക്കുന്നതിന് മുൻപ് രോഗിയിൽ നിന്ന് മറ്റൊരാളിലേക്ക് വൈറസ് പടരില്ലെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

രോഗബാധയേറ്റാൽ രണ്ട് മുതൽ 21 ദിവസത്തിനുള്ളിൽ ലക്ഷണങ്ങൾ പ്രകടമാകും. കടുത്ത പനി, ക്ഷീണം, തലവേദന, പേശി വേദന, ഛർദ്ദി, വയറിളക്കം, തൊണ്ടവേദന, വയറുവേദന എന്നിവയാണ് പ്രാഥമിക ലക്ഷണങ്ങൾ. രോഗം ഗുരുതരമായാൽ ശരീരത്തിന്റെ ആന്തരികവും ബാഹ്യവുമായ അവയവങ്ങളിൽ നിന്ന് രക്തസ്രാവമുണ്ടാകാനും അവയവങ്ങളുടെ പ്രവർത്തനം നിലയ്ക്കാനും സാധ്യതയുണ്ട്.

യാത്രക്കാർ പാലിക്കേണ്ട മുൻകരുതലുകൾ

  • വിദേശയാത്രയ്ക്ക് മുൻപായി മന്ത്രാലയത്തിന്‍റെ ഏറ്റവും പുതിയ യാത്രാ വിവരങ്ങൾ പരിശോധിക്കുക.
  • പോകുന്ന രാജ്യങ്ങളിലെ ആരോഗ്യ മാർഗ്ഗനിർദ്ദേശങ്ങൾ കൃത്യമായി പാലിക്കുക.
  • വ്യക്തിശുചിത്വം പാലിക്കുകയും രോഗബാധിതരെന്ന് സംശയിക്കുന്നവരുമായുള്ള സമ്പർക്കം പൂർണ്ണമായി ഒഴിവാക്കുകയും ചെയ്യുക.
  • യാത്രയ്ക്കിടയിലോ മടങ്ങിയെത്തിയ ശേഷമോ എന്തെങ്കിലും ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടാൽ ഉടൻ തന്നെ ഡോക്ടറെ സമീപിക്കുക. ഡോക്ടറോട് യാത്രാ വിവരങ്ങൾ കൃത്യമായി പറയുക.

ദേശീയ-അന്തർദ്ദേശീയ ആരോഗ്യ ഏജൻസികളുമായി ചേർന്നുകൊണ്ട് യുഎഇ വിമാനത്താവളങ്ങളിലും അതിർത്തികളിലും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ടെന്നും രാജ്യം ഏത് സാഹചര്യവും നേരിടാൻ സജ്ജമാണെന്നും അധികൃതർ കൂട്ടിച്ചേർത്തു.