രാജ്യത്ത് ഇന്നലെ 50 ഡി​ഗ്രി ചൂടാണ് അടുഭവപ്പെട്ടത്

ദുബൈ: യുഎഇയിൽ ഇന്ന് താപനിലയിൽ നേരിയ കുറവ് രേഖപ്പെടുത്തുമെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അന്തരീക്ഷം ഭാ​ഗികമായി മേഘാവൃതവും പൊടിപടലങ്ങൾ നിറഞ്ഞതുമായിരിക്കും. ഇടത്തരം വടക്കുപടിഞ്ഞാറൻ കാറ്റിനും സാധ്യതയുണ്ട്. ഇത് മണിക്കൂറിൽ 10 മുതൽ 25 കിലോമീറ്റർ വേ​ഗത്തിൽ വീശാനാണ് സാധ്യത. ചിലപ്പോൾ 40 കിലോമീറ്റർ വരെ വേ​ഗത്തിലും വീശാം. ഈ കാറ്റ് മൂലം തിരശ്ചീന ദൃശ്യപരത കുറയുമെന്നും മുന്നറിയിപ്പിൽ നൽകിയിട്ടുണ്ട്.

രാജ്യത്തിന്റെ ഉൾപ്രദേശങ്ങളിൽ 42 മുതൽ 46 ഡി​ഗ്രി സെൽഷ്യസ് വരെയും തീരമേഖലകളിൽ 40 മുതൽ 45 ഡി​ഗ്രി സെൽഷ്യസ് വരെയും താപനില ഉണ്ടാകാം. അതേസമയം അറേബ്യൻ ​ഗൾഫ് കടൽ, ഒമാൻ സമുദ്രം എന്നിവ പ്രക്ഷുബ്ദമായിരിക്കുമെന്നും മുന്നറിയിപ്പുണ്ട്. രാജ്യത്ത് പൊടിക്കാറ്റ് വീശുമെന്നതിനാൽ പൗരന്മാരോടും താമസക്കാരോടും മുൻകരുതലുകൾ സ്വീകരിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു.

രാജ്യത്ത് ഇന്നലെ 50 ഡി​ഗ്രി ചൂടാണ് അടുഭവപ്പെട്ടത്. അൽഐനിലെ സ്വയ്ഹാനിലാണ് കനത്ത ചൂട് രേഖപ്പെടുത്തിയതെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ആണ് പ്രസ്താവനയിൽ അറിയിച്ചത്. കഴിഞ്ഞ ശനിയാഴ്ച റെക്കോഡ് ചൂടാണ് യുഎഇയിൽ രേഖപ്പെടുത്തിയത്, 51.6 ഡി​ഗ്രി. മേയിൽ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന താപനിലയാണ് ഇത്. അൽഐനിലെ സ്വയ്ഹാനിൽ തന്നെയാണ് ഇതും രേഖപ്പെടുത്തിയത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം