അബുദാബി: കടുത്ത ചൂടിനെതിരായ മുന്നറിയിപ്പുമായി യുഎഇയില്‍ ആരോഗ്യ മന്ത്രാലയത്തിന്റെ പേരില്‍ പ്രചരിക്കുന്ന സന്ദേശം വര്‍ഷങ്ങള്‍ പഴയത്. അടുത്തകാലത്തൊന്നും ഇത്തരമൊരു സന്ദേശം പുറത്തിറക്കിയിട്ടില്ലെന്ന് യുഎഇ ഹെല്‍ത്ത് ആന്റ് പ്രിവന്‍ഷന്‍ മന്ത്രാലയം അറിയിച്ചു. അടുത്ത ദിവസങ്ങളില്‍ 47 മുതല്‍ 50 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാന്‍ സാധ്യതയുണ്ടെന്നും ആവശ്യമായ പ്രതിരോധ നടപടികള്‍ സ്വീകരിക്കണമെന്നും ആവശ്യപ്പെടുന്ന സന്ദേശമാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്.

മന്ത്രാലയത്തിന്റെ പഴയ ലോഗോ ഉപയോഗിച്ചിരിക്കുന്ന സന്ദേശം വര്‍ഷങ്ങള്‍ പഴക്കമുള്ളതാണ്. ഈ അടുത്ത ദിവസങ്ങളിലൊന്നും ഇത്തരമൊരു നിര്‍ദ്ദേശം പുറത്തിറക്കിയിട്ടില്ല. എന്നാല്‍ രാജ്യത്ത് താപനില വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും ആരോഗ്യ മന്ത്രാലയം വക്താവ് അറിയിച്ചു. യുഎഇയുടെ ചില ഭാഗങ്ങളില്‍ വരും ദിവസങ്ങളില്‍ 48 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാന്‍ സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്.