പാകം ചെയ്ത ഭക്ഷണമോ അല്ലെങ്കില്‍ ഭക്ഷണം തയ്യാറാക്കാനുള്ള അവശ്യ വസ്തുക്കളോ നല്‍കാനാണ് തീരുമാനം. യുഎഇ ഫുഡ് ബാങ്ക് ട്രസ്റ്റ് ബോര്‍ഡ് അധ്യക്ഷ കൂടിയായ ശൈഖ ഹിന്ദ് ബിന്‍ത് മക്തൂമിനാണ് പദ്ധതിയുടെ മേല്‍നോട്ട ചുമതല.

അബുദാബി: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സാമൂഹിക അകലം പാലിക്കേണ്ട ഈ റമദാന്‍ കാലത്ത് എല്ലാവര്‍ക്കും ഭക്ഷണം ഉറപ്പാക്കാന്‍ പുതിയ പദ്ധതിയുമായി യുഎഇ. ഒരു കോടി ഭക്ഷണപ്പൊതികളാണ് പദ്ധതിയുടെ ഭാഗമായി റമദാന്‍ കാലത്ത് വിതരണം ചെയ്യുന്നത്. 

യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് ആല്‍മക്തൂമാണ് ഇത് സംബന്ധിച്ച് പ്രഖ്യാപനം നടത്തിയത്. പാകം ചെയ്ത ഭക്ഷണമോ അല്ലെങ്കില്‍ ഭക്ഷണം തയ്യാറാക്കാനുള്ള അവശ്യ വസ്തുക്കളോ നല്‍കാനാണ് തീരുമാനം. യുഎഇ ഫുഡ് ബാങ്ക് ട്രസ്റ്റ് ബോര്‍ഡ് അധ്യക്ഷ കൂടിയായ ശൈഖ ഹിന്ദ് ബിന്‍ത് മക്തൂമിനാണ് പദ്ധതിയുടെ മേല്‍നോട്ട ചുമതല.

രാജ്യത്തെ ഒരാള്‍ പോലും ഭക്ഷണമില്ലാതെ പട്ടിണി കിടക്കുന്ന സാഹചര്യം ഉണ്ടാവാതിരിക്കാന്‍ ശ്രദ്ധിക്കുമെന്ന് ശൈഖ് മുഹമ്മദ് ഉറപ്പ് നല്‍കി. ഭക്ഷണമൊരുക്കുന്നത് മാനുഷികവും സാമൂഹികവുമായ മുന്‍ഗണനയാകണമെന്നും ഒരാള്‍ പോലും ചികിത്സയും ഭക്ഷണവും ലഭിക്കാത്ത അവസ്ഥയിലെത്തില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.