അബുദാബി: ഇന്ത്യന്‍ സര്‍വകലാശാലകള്‍ നല്‍കുന്ന ബിരുദങ്ങള്‍ക്ക് തുല്യത നല്‍കാന്‍ യുഎഇ വിദ്യാഭ്യാസ മന്ത്രാലയം തീരുമാനിച്ചു. മന്ത്രാലയത്തിന്റെ  മാനദണ്ഡങ്ങള്‍ പാലിക്കുന്ന ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ ഇതോടെ യുഎഇയില്‍ അംഗീകരിക്കപ്പെടും. ഇന്ത്യന്‍ അംബാസഡര്‍ നവദീപ് സിങ് സുരിയാണ് ഇക്കാര്യം അറിയിച്ചത്. 

ഇന്ത്യന്‍ സര്‍വകലാശാലകള്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റുകളിലെ ഇന്റേണല്‍, എക്സ്റ്റേണല്‍ മാര്‍ക്കുകള്‍ തമ്മിലുള്ള ആശയക്കുഴപ്പമാണ് നേരത്തെ പ്രതിസന്ധിക്ക് കാരണമായത്. ഇതുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ എംബസി നല്‍കിയ വിശദീകരണം യുഎഇ ആരോഗ്യ മന്ത്രാലയം അംഗീകരിച്ചതോടെയാണ് പ്രശ്നങ്ങള്‍ക്ക് പരിഹാരമാവുന്നത്. ഇതോടെ ഇന്ത്യയില്‍ നിന്നുള്ള പ്രൊഫഷണല്‍, അക്കാദമിക് ബിരുദങ്ങള്‍ യുഎഇയില്‍ തുല്യമായി അംഗീകരിക്കപ്പെടും.

ഇന്ത്യയിലെ ചില സര്‍വകലാശാലകള്‍ മാര്‍ക്ക് ലിസ്റ്റില്‍ ഇന്റേണല്‍, എക്സ്റ്റേണല്‍ മാര്‍ക്കുകള്‍ വേര്‍തിരിച്ച് എഴുതുന്നതാണ് യുഎഇയില്‍ ആശയക്കുഴപ്പമുണ്ടായത്. ഇങ്ങനെയുള്ള സര്‍ട്ടിഫിക്കറ്റുകള്‍ അംഗീകരിക്കാതായതോടെ നിരവധി പേര്‍ക്ക് ജോലിയില്‍ പ്രവേശിക്കാന്‍ കഴിയാതെയായി. നിലവില്‍ അധ്യാപക ജോലിയില്‍ ഉള്‍പ്പെടെ പ്രവേശിച്ചിരുന്നവരുടെ ജോലിയും പ്രതിസന്ധിയിലായതോടെയാണ് ഇന്ത്യന്‍ എംബസി വിഷയത്തില്‍ ഇടപെട്ടത്.

യുജിസിയുടെ 'ആക്ഷന്‍ പ്ലാന്‍ ഫോര്‍ അക്കാദമിക് ആന്റ് അഡ്മിനിസ്ട്രേറ്റീവ് റിഫോംസ്' പരിശോധിച്ചാണ് യുഎഇ വിദ്യാഭ്യാസ മന്ത്രാലയം തീരുമാനത്തിലെത്തിയത്. മാര്‍ക്ക് ലിസ്റ്റുകളിലെ എക്സ്റ്റേണല്‍ എന്ന വാക്ക് മൂല്യ നിര്‍ണയ രീതിയെ മാത്രമാണ് സൂചിപ്പിക്കുന്നതെന്നും പഠന സ്ഥലമല്ലെന്നും അധികൃതരെ ധരിപ്പിക്കാന്‍ ഇന്ത്യന്‍ എംബസിക്ക് സാധിച്ചു. ഇതോടെയാണ് ഇത്തരം ബിരുദങ്ങള്‍ക്കും തുല്യത നല്‍കാന്‍ തീരുമാനമായത്.