അബുദാബി: ഫെഡറല്‍ സ്ഥാപനങ്ങളുടെ എല്ലാ സേവനങ്ങളും താമസക്കാര്‍ക്ക് ലഭ്യമാക്കുന്ന ഏകീകൃത പോര്‍ട്ടലും ആപ്ലിക്കേഷനും പുറത്തിറക്കാനൊരുങ്ങി യുഎഇ സര്‍ക്കാര്‍. വിസ, ലൈസന്‍സ് പുതുക്കല്‍, യൂട്ടിലിറ്റി ബില്ലുകള്‍ അടയ്ക്കല്‍ എന്നിങ്ങനെ നിരവധി സേവനങ്ങള്‍ ഇതില്‍പ്പെടും.  

ഒരു ബട്ടണ്‍ ക്ലിക്ക് ചെയ്യുന്നതിലൂടെ താമസക്കാര്‍ക്ക് സ്വകാര്യ മേഖലകളിലെ സേവനങ്ങളും ലഭ്യമാകുമെന്ന് യുഎഇയിലെ മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ അറിയിച്ചു. സേവനങ്ങള്‍ ഏകീകരിക്കുക എന്നതാണ് തങ്ങളുടെ പ്രധാന ലക്ഷ്യമെന്നും ഒരു ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമില്‍ എല്ലാ സേവനങ്ങളും ഏകീകരിക്കുന്നതിനാല്‍ വിവിധ സേവനങ്ങള്‍ക്കായി ഒന്നിലധികം ആപ്ലിക്കേഷനുകള്‍ ഡൗണ്‍ലോഡ് ചെയ്യേണ്ടതില്ലെന്നും യുഎഇ ഗവണ്‍മെന്റ് സര്‍വീസസ് മേധാവി മുഹമ്മദ് ബിന്‍ താലിയ പറഞ്ഞു. ഉയര്‍ന്ന നിലവാരമുള്ള ഒന്നിലധികം ആപ്ലിക്കേഷനുകള്‍ക്ക് പകരമായി വളരെ അനായാസം ഉപയോഗിക്കാവുന്ന മികച്ച ആപ്പിന് രൂപം നല്‍കാനൊരുങ്ങുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.