അബുദാബി: യുഎഇയില്‍ മാര്‍ച്ച് ഒന്നിന് മുമ്പ് വിസാ കാലാവധി അവസാനിച്ചവര്‍ക്ക് പിഴയൊന്നും അടയ്ക്കാതെ രാജ്യം വിടാന്‍ മൂന്ന് മാസം കൂടി സമയം അനുവദിച്ചു. മേയ് 18ന് തുടങ്ങിയ ഈ പൊതുമാപ്പിന്റെ കാലാവധി നാളെ അവസാനിക്കാനിരിക്കവെയാണ് മൂന്ന് മാസം കൂടി നീട്ടിക്കൊണ്ടുള്ള പ്രഖ്യാപനം വന്നത്. ഇതോടെ നവംബര്‍ 17 വരെ പൊതുമാപ്പ് തുടരുമെന്ന് ഫെഡറല്‍ അതോരിറ്റി ഫോര്‍ ഐഡന്റിറ്റി ആന്റ് സിറ്റിസണ്‍ഷിപ്പ് ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ സഈദ് റകാന്‍ അല്‍ റാഷിദി പറഞ്ഞു.

പൊതുമാപ്പ് കാലയളവില്‍ രാജ്യം വിടുന്നവരില്‍ നിന്ന് അനധികൃത താമസത്തിനുള്ള പിഴ ഈടാക്കില്ല.  മാര്‍ച്ച് ഒന്നിന് മുമ്പ് വിസാ കാലാവധി അവസാനിച്ചവര്‍ക്ക് മാത്രമാണ് ഈ ആനുകൂല്യം ഉപയോഗപ്പെടുത്താന്‍ അവസരം. സാധുതയുള്ള പാസ്‍പോര്‍ട്ടും നാട്ടിലേക്ക് മടങ്ങാനുള്ള ടിക്കറ്റും മാത്രമാണ് ആവശ്യം. പ്രത്യേക രജിസ്ട്രേഷനോ അപേക്ഷയോ വേണ്ടതില്ല. നേരിട്ട് വിമാനത്താവളത്തിലെത്താം. ഇങ്ങനെ നാട്ടിലേക്ക് മടങ്ങുന്നവര്‍ക്ക് പിന്നീട് മറ്റ് വിസകളില്‍ യുഎഇയിലേക്ക് മടങ്ങിവരുന്നതിനും തടസമില്ല.

പൊതുമാപ്പ് ഉപയോഗപ്പെടുത്തി ദുബായ് അന്താരാഷ്ട്ര വിമാനത്താവളം വഴി മടങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ വിമാനം പുറപ്പെടുന്നതിന് 48 മണിക്കൂര്‍ മുമ്പ് ടെര്‍മിനലിലെ ഇമിഗ്രേഷന്‍ വിഭാഗവുമായി ബന്ധപ്പെടണം. അബുദാബി, ഷാര്‍ജ, റാസല്‍ഖൈമ വിമാനത്താവളങ്ങള്‍ വഴി യാത്ര ചെയ്യുന്നവര്‍ ആറ് മണിക്കൂര്‍ മുമ്പ് ഇമിഗ്രേഷന്‍ വിഭാഗത്തിലെത്തിയാല്‍ മതി. കുടുംബമായി യാത്ര ചെയ്യുന്നവര്‍ എല്ലാവരും ഒരുമിച്ചാണ് എത്തേണ്ടതെന്നും നേരത്തെ അധികൃതര്‍ അറിയിച്ചിരുന്നു.