കഷ്ടപ്പാടുകള്‍ നീങ്ങുന്നുവെന്ന പ്രതീക്ഷകള്‍ക്കിടയിലാണ് അപ്രതീക്ഷിതമായെത്തിയ രോഗം അവരുടെ ജീവിതത്തിന്റെ നിറം കെടുത്തിയത്. വിട്ടുമാറാത്ത പനിയും ശ്വാസ തടസവും അനുഭവപ്പെട്ടതോടെ ആദ്യം ഒരു ക്ലിനിക്കില്‍ കാണിച്ചു. അവിടെ നിന്ന് അല്‍ ഖാസിമി ആശുപത്രിയിലേക്ക് മാറ്റി. ഹൃദയാഘാതത്തിനൊപ്പം ഗുരുതരമായ ന്യുമോണിയയും ബാധിച്ചതായാണ് ഡോക്ടര്‍മാര്‍ കണ്ടെത്തിയത്.
ഷാര്‍ജ: മൂന്ന് മാസമായി യുഎഇയില്‍ 'കോമ' അവസ്ഥയില്‍ കഴിയുന്ന മലയാളിയെ ഇന്ന് നാട്ടിലേക്ക് കൊണ്ടുപോകും. സന്ദര്‍ശക വിസയിലെത്തിയ 44കാരന്‍ സലാമാണ് യുഎഇയില്‍ വെച്ച് ഹൃദയാഘാതവും ന്യുമോണിയയും ബാധിച്ച് ഗുരുതരാവസ്ഥയിലായത്. മൂന്ന് മാസമായി ഷാര്‍ജ അല്‍ ഖാസിമി ആശുപത്രിയിലുള്ള അദ്ദേഹത്തെ ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്കുള്ള വിമാനത്തില്‍ കൊച്ചിയിലേക്ക് കൊണ്ടുപോകും.
നാട്ടില്‍ ഓട്ടോ ഓടിച്ചിരുന്ന സലാം കഷ്ടപ്പാടുകളില്‍ നിന്നൊരു മോചനം പ്രതീക്ഷിച്ചാണ് യുഎഇയിലെത്തിയത്. സന്ദര്‍ശക വിസയില്‍ ഓഗസ്റ്റ് ഏഴിന് ഷാര്‍ജയിലെത്തിയ അദ്ദേഹത്തിന് ട്രക്ക് ഡ്രൈവറായി ജോലി ലഭിച്ചു. ജോലി അന്വേഷിച്ച് നടന്നിരുന്ന സമയത്ത് സുഹൃത്തുക്കള്‍ക്കായി അദ്ദേഹം ഭക്ഷണം പാചകം ചെയ്തിരുന്നു. സലാമിന്റെ പാചക വൈദഗ്ധ്യം തിരിച്ചറിഞ്ഞ സുഹൃത്തുക്കളാണ് തൊഴിലാളികള്‍ക്ക് ഭക്ഷണമെത്തിക്കുന്ന സംരംഭം സ്വന്തമായി തുടങ്ങാന്‍ പ്രോത്സാഹിപ്പിച്ചത്. പാചകത്തില്‍ സഹായിക്കാനായി നാട്ടില്‍ നിന്ന് ഭാര്യ സീനത്തിനെയും ഷാര്‍ജയിലേക്ക് കൊണ്ടുവന്നു.
കഷ്ടപ്പാടുകള്‍ നീങ്ങുന്നുവെന്ന പ്രതീക്ഷകള്‍ക്കിടയിലാണ് അപ്രതീക്ഷിതമായെത്തിയ രോഗം അവരുടെ ജീവിതത്തിന്റെ നിറം കെടുത്തിയത്. വിട്ടുമാറാത്ത പനിയും ശ്വാസ തടസവും അനുഭവപ്പെട്ടതോടെ ആദ്യം ഒരു ക്ലിനിക്കില്‍ കാണിച്ചു. അവിടെ നിന്ന് അല്‍ ഖാസിമി ആശുപത്രിയിലേക്ക് മാറ്റി. ഹൃദയാഘാതത്തിനൊപ്പം ഗുരുതരമായ ന്യുമോണിയയും ബാധിച്ചതായാണ് ഡോക്ടര്‍മാര്‍ കണ്ടെത്തിയത്. ന്യുമോണിയ തലച്ചോറിനെ ബാധിച്ചതോടെ അബോധാവസ്ഥയിലായി. സംസാരിക്കാനോ ചലിക്കാനോ സാധിക്കില്ല. ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറലിന്റെയും സാമൂഹിക പ്രവര്‍ത്തകന്‍ നസീര്‍ വാടനപ്പള്ളിയുടെയും ഇടപെടലുകള്‍ കാരണം 44 ലക്ഷത്തിലധികം രൂപയുടെ ബില്‍ ആശുപത്രി അധികൃതര്‍ ഒഴിവാക്കി നല്‍കി. എന്നാലും നാട്ടിലെ ഭീമമായ കടബാധ്യതകളും തുടര്‍ ചികിത്സയും ഇവര്‍ക്കുമുന്നില്‍ ചോദ്യചിഹ്നമായി അവശേഷിക്കുന്നു.
നാട്ടിലെ വരുമാന മാര്‍ഗമായിരുന്ന ഓട്ടോറിക്ഷയുടെ പണമടവ് മൂന്ന് മാസം മുടങ്ങിയതോടെ വാഹനം പിടിച്ചെടുത്തുകൊണ്ടുപോയി. 20 വയസുള്ള മകളും 17ഉം 13ഉം വയസായ രണ്ട് ആണ്‍ കുട്ടികളുമടങ്ങുന്നതാണ് ഇവരുടെ കുടുംബം. വിമാനത്തില്‍ സ്ട്രച്ചര്‍ സൗകര്യത്തോടെയുള്ള ടിക്കറ്റും അനുഗമിക്കുന്ന നഴ്‍സിനുള്ള ടിക്കറ്റും ഇന്ത്യന്‍ കോണ്‍സുലേറ്റാണ് എടുത്തുനല്‍കിയത്.
