അബുദാബി: രാജ്യത്തിന് വേണ്ടി ജീവന്‍ നല്‍കിയ ധീരസൈനികരുടെ ഓര്‍മ്മകള്‍ക്ക് മുമ്പില്‍ പ്രണമിച്ച് യുഎഇയില്‍ ഇന്ന് സ്മരണ ദിനം. വീരമൃത്യു വരിച്ച സൈനികരോടുള്ള ആദരസൂചകമായി യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ സംഘടിപ്പിക്കുന്ന പരിപാടികളില്‍ സ്വദേശികളും പ്രവാസികളും പങ്കുചേരും. അബുദാബി ശൈഖ് സായിദ് ഗ്രാന്‍ഡ് മോസ്‌കിന് സമീപം വാഹത് അല്‍കരാമ രക്തസാക്ഷി സ്മാരകത്തില്‍ പുഷ്പചക്രം അര്‍പ്പിക്കും.

യുഎഇയുടെ യശസ്സ് ഉയര്‍ത്തിപ്പിടിച്ച് ഐക്യവും സ്ഥിരതയും കാത്തുസൂക്ഷിക്കുന്നതിനിടെ ജീവന്‍ ത്യജിച്ച രാജ്യത്തിന്റെ മക്കളെ യുഎഇ എന്നും അഭിമാനത്തോടെയും നന്ദിയോടെയും സ്മരിക്കുമെന്നും രക്തസാക്ഷികളുടെ മക്കളെയും കുടുംബാംഗങ്ങളെയും രാജ്യം സംരക്ഷിക്കുമെന്നും യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ പറഞ്ഞു. 

എത്ര തലമുറകള്‍ കഴിഞ്ഞാലും യുഎഇ ജനതയുടെ മനസ്സില്‍ രക്തസാക്ഷികള്‍ ജീവിക്കുമെന്ന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് ആല്‍ മക്തൂം പറഞ്ഞു. ദേശസ്നേഹത്തിന്‍റെ മായാത്ത മുദ്രകളായ രക്തസാക്ഷികള്‍ എല്ലാക്കാലവും കുലീനമായ മൂല്യങ്ങളോടെ നക്ഷത്രങ്ങളെ പോലെ ജ്വലിക്കുമെന്നും അവരുടെ ത്യാഗം രാജ്യത്തിനായി കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ പ്രേരിപ്പിക്കുമെന്നും അബുദാബി കിരീടാവകാശിയും യുഎഇ ഉപസര്‍വ്വ സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ പറഞ്ഞു. ഡിസംബര്‍ ഒന്നിനാണ് സ്മരണ ദിനവുമായി ബന്ധപ്പെട്ട പൊതു അവധി.