മോശം കാലാവസ്ഥയെ തുടര്‍ന്ന് രണ്ട് തവണ മാറ്റിവെച്ച ശേഷമായിരുന്നു ഇന്ന് പുലര്‍ച്ചെ റോക്കറ്റ് വിക്ഷേപിച്ചത്. എരിയാന്‍ വെബ്‍സൈറ്റിലും യുട്യൂബിലും വിക്ഷേപണത്തിന്റെ ദൃശ്യങ്ങള്‍ തത്സമയം സംപ്രേക്ഷണം ചെയ്തിരുന്നു.

ദുബായ്: റോക്കറ്റ് തകരാറിനെ തുടര്‍ന്ന് യുഎഇയുടെ കൃത്രിമ ഉപഗ്രഹം ഫാല്‍ക്കണ്‍ ഐയുടെ വിക്ഷേപണം പരാജയപ്പെട്ടു. യുഎഇ സമയം ഇന്ന് പുലര്‍ച്ചെ 5.53ന് ഫ്രഞ്ച് ഗയാനയില്‍ നിന്നാണ് 'ഫാല്‍ക്കണ്‍ ഐ' ഉപഗ്രഹവും വഹിച്ചുകൊണ്ടുള്ള 'വേഗ' റോക്കറ്റ് വിക്ഷേപിച്ചത്. എന്നാല്‍ ആറ് മിനിറ്റുകള്‍ക്ക് ശേഷം ഉപഗ്രഹവുമായുള്ള ബന്ധം നഷ്ടപ്പെടുകയായിരുന്നു. ഒന്‍പത് മിനിറ്റുകള്‍ക്ക് ശേഷം വിക്ഷേപണം പരാജയപ്പെട്ടതായി ഔദ്യോഗിക സ്ഥിരീകരണം വന്നു.

യൂറോപ്യന്‍ കമ്പനിയായ എരിയാന്‍ സ്‍പേസ് ആണ് വിക്ഷേപണം നടത്തിയത്. എരിയാന്‍ സ്‍പേസ് വികസിപ്പിച്ചെടുത്ത വേഗ റോക്കറ്റിന്റെ 15-ാമത്തെ വിക്ഷേപണമായിരുന്നു ഇന്ന് നടന്നത്. ഈ വര്‍ഷത്തെ രണ്ടാം വിക്ഷേപണവും. മോശം കാലാവസ്ഥയെ തുടര്‍ന്ന് രണ്ട് തവണ മാറ്റിവെച്ച ശേഷമായിരുന്നു ഇന്ന് പുലര്‍ച്ചെ റോക്കറ്റ് വിക്ഷേപിച്ചത്. എരിയാന്‍ വെബ്‍സൈറ്റിലും യുട്യൂബിലും വിക്ഷേപണത്തിന്റെ ദൃശ്യങ്ങള്‍ തത്സമയം സംപ്രേക്ഷണം ചെയ്തിരുന്നു. 550ലധികം ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ചിട്ടുള്ള സ്ഥാപനമാണ് എരിയാന്‍ സ്‍പേസ്.

എയര്‍ബസ് ഡിഫന്‍സ് ആന്റ് സ്‍പേസും തെയില്‍സ് അലീനിയ എയ്റോ സ്‍പേസ് കമ്പനിയും ചേര്‍ന്നാണ് 1500 കിലോഗ്രാം ഭാരമുള്ള ഫാല്‍ക്കണ്‍ ഐ ഉപഗ്രഹം നിര്‍മിച്ചത്. സൈനിക ആവശ്യങ്ങള്‍ക്കായി നിര്‍മിച്ച ഉപഗ്രഹത്തിനായി 611 കിലോമീറ്റര്‍ ആകലെയുള്ള ഭ്രമണപഥമായിരുന്നു നിശ്ചയിച്ചിരുന്നത്. അടുത്ത വര്‍ഷം രണ്ട് ഉപഗ്രഹങ്ങള്‍ കൂടി വിക്ഷേപിക്കാനാണ് യുഎഇയുടെ പദ്ധതി.