ദുബായ്: കൊവിഡ് വ്യാപനം നേരിടുന്നതില്‍ യുഎഇ വിജയിച്ചെന്ന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. മഹാമാരിക്കെതിരെയുള്ള പോരാട്ടത്തില്‍ ലോകത്തിന് മാതൃകയാക്കാവുന്ന ഉദാഹരണമായി യുഎഇ മാറിയന്നും ശൈഖ് മുഹമ്മദ് പറഞ്ഞു. മുഹമ്മദ് ബിന്‍ റാഷിദ് യൂണിവേഴ്‌സിറ്റി ഓഫ് മെഡിസിന്‍ ആന്‍ഡ് ഹെല്‍ത്ത് സയന്‍സസില്‍ സ്ഥിതി ചെയ്യുന്ന കൊവിഡ് 19 കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ സെന്റര്‍ സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

വൈറസിനെ നേരിടുന്നതില്‍ രാജ്യം സ്വീകരിച്ച ശാസ്ത്രീയ സമീപനവും കൃത്യമായ ആസൂത്രണവും കൊവിഡ് പോരാട്ടത്തില്‍ മുന്‍നിരയില്‍ പ്രവര്‍ത്തിച്ച സംഘടനകളുടെ സഹകരണവും ഈ പ്രതിസന്ധിയെ അവസരമാക്കി മാറ്റുന്നതിന് കാരണമായെന്ന് ശൈഖ് മുഹമ്മദ് പറഞ്ഞു. സര്‍ക്കാരിന്റെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കിയ ആരോഗ്യ, മെഡിക്കല്‍ രംഗത്തെ ജീവനക്കാരുടെ സംഭാവനകളെ അദ്ദേഹം പ്രശംസിച്ചു. 

കൊവിഡ് പ്രതിസന്ധിയില്‍ ആരോഗ്യപ്രവര്‍ത്തകരുടെ പ്രയത്‌നങ്ങള്‍ അഭിമാനവും പ്രചോദനവുമാണെന്നും അവരുടെ സമര്‍പ്പണത്തിനും പ്രൊഫഷണലിസത്തിനും നന്ദി പറയുന്നെന്നും ശൈഖ് മുഹമ്മദ് കൂട്ടിച്ചേര്‍ത്തു. കൊവിഡ് വെല്ലുവിളി പൂര്‍ണമായും അവസാനിക്കും വരെ ഇതേ അര്‍പ്പണ മനോഭാവത്തോടെ പ്രവര്‍ത്തിക്കാന്‍ അവരെ പ്രേരിപ്പിക്കുകയും ചെയ്യുന്നെന്ന് ശൈഖ് മുഹമ്മദ് പറഞ്ഞു.