Asianet News MalayalamAsianet News Malayalam

ഉംറ തീർഥാടനം ഒക്ടോബർ നാല്​ മുതൽ; ആദ്യം ആഭ്യന്തര തീർഥാടകർക്ക്​ മാത്രം

കൊവിഡ് പൂർണമായും ഇല്ലാതായെന്ന സ്ഥിരീകരണത്തിന് ശേഷം മാത്രം  അന്താരാഷ്ട്ര തീർഥാടകർക്ക് അനുമതി

umrah pilgrimage to begin from october 4th in Saudi Arabia
Author
Riyadh Saudi Arabia, First Published Sep 23, 2020, 7:40 PM IST

റിയാദ്​​: കൊവിഡ് പശ്ചാത്തലത്തിൽ നിർത്തിവെച്ചരുന്ന ഉംറ തീർഥാടനം ഒക്ടോബർ നാല്​ മുതൽ പുനഃരാരംഭിക്കുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു. നാല്​ ഘട്ടമായി പുനഃസ്ഥാപിക്കുന്ന ഉംറയിൽ ആഭ്യന്തര തീർഥാടകർക്ക്​ മാത്രമാണ്​ അനുമതി. രാജ്യത്തുള്ള സ്വദേശികളും വിദേശികളുമായ തീർഥാടകർക്ക് മാത്രം ഹറമിലെത്തി ഉംറ ചെയ്യാം. എന്നാൽ കൊവിഡ് പൂർണമായും ഇല്ലാതായെന്ന് സ്ഥിരീകരിച്ച ശേഷം മാത്രമാണ് വിദേശ രാജ്യങ്ങളിൽ നിന്നുള്ള ഉംറ തീർഥാടനത്തിന് അനുമതി. 

ഒക്ടോബർ നാലിന് തുടങ്ങുന്ന ആദ്യഘട്ടത്തിൽ പ്രതിദിനം 6000 ആഭ്യന്തര തീർഥാടകരെ മസ്‍ജിദുൽ ഹറമിൽ പ്രവേശിക്കാൻ അനുവദിക്കും. ഹറമിലെ മൊത്തം ശേഷിയുടെ 30 ശതമാനമാണ് 6000 തീർഥാടകർ എന്നത്​. ഒക്ടോബർ 18ന് തുടങ്ങുന്ന രണ്ടാം ഘട്ടത്തിൽ ഹറമിലെ ആകെ ശേഷിയുടെ 75 ശതമാനത്തിന്, അതായത് 15000 തീർഥാടകർക്ക് അനുമതി നൽകും. മദീന സിയാറത്തിനും രണ്ടാം ഘട്ടത്തിൽ അനുമതിയുണ്ടാവും. മസ്ജിദുന്നബവിയിലെ ഉൾക്കൊള്ളൽ ശേഷിയുടെ 75 ശതമാനത്തിനാണ്​ അനുമതി. 

നവംബർ ഒന്നിന്​ തുടങ്ങുന്ന മൂന്നാം ഘട്ടത്തിൽ 100 ശതമാനത്തിനും അതായത് 20,000 പേർക്കും ഉംറയ്ക്ക് അനുമതി നൽകും. രണ്ടാം ഘട്ടം മുതൽ മക്ക ഹറമിൽ പ്രതിദിനം 40,000 പേരെ നമസ്കാരത്തിനെത്താൻ അനുവദിക്കും. മൂന്നാം ഘട്ടത്തിൽ അത് 60,000 ആയി ഉയർത്തും. ഉംറ തീർഥാടകർക്കും ഹറമുകളിൽ നമസ്കരിക്കാനെത്തുന്നവർക്കും കർശന ആരോഗ്യ മുൻകരുതൽ നിബന്ധനകൾ ബാധകമാണ്​. ​കൊവിഡ്​ ഭീഷണിയില്ലെന്ന്​ സൗദി ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ച രാജ്യങ്ങളിൽ നിന്നായിരിക്കും വിദേശ ഉംറക്ക്​ അനുമതി നൽകുക. മൂന്നാംഘട്ടമായ നവംബർ ഒന്നു മുതൽ വിദേശത്ത് നിന്ന്, കൊവിഡില്ലെന്ന് സ്ഥിരീകരിച്ച രാജ്യങ്ങളിൽ നിന്നുള്ളവർക്ക്​ മാത്രം ഉംറയ്​ക്ക്​ അനുമതി നൽകും.​ 

നാലാം ഘട്ടത്തിൽ കൊവിഡ് അപകട സാധ്യത ഇല്ലാതായി എന്ന ബന്ധപ്പെട്ട അതോറിറ്റി പ്രഖ്യാപിച്ചാൽ മസ്‍ജിദുൽ ഹറമിലും മസ്ജിദുന്നബവിയിലും ഉൾകൊള്ളാൻ കഴിയുന്ന 100 ശതമാനം പേർക്കും ഉംറയ്ക്കും സിയാറത്തിനും അനുമതി നൽകും. ഹജ്ജ്​ ഉംറ മന്ത്രാലയം നിശ്ചയിച്ച ‘ഇഅ്‍തമർനാ’ എന്ന ആപ്​ വഴിയായിരിക്കും തീർഥാടകരുടെയും നമസ്‍കരിക്കാനെത്തുന്നവരുടെയും സന്ദർശനകരുടെയും പ്രവേശനം നിയന്ത്രിക്കുക.

Follow Us:
Download App:
  • android
  • ios