വരും കാലത്ത് മുംബൈയില്‍ നിന്ന് യുഎഇയിലെ ഫുജൈറയിലേക്ക് നിങ്ങള്‍ക്ക് ട്രെയിനില്‍ യാത്ര ചെയ്യാന്‍ കഴിഞ്ഞേക്കും. അബുദാബിയില്‍ നടന്ന യുഎഇ-ഇന്ത്യ കോണ്‍ക്ലേവിലാണ് നാഷണല്‍ അഡ്വൈസര്‍ ബ്യൂറോ ലിമിറ്റഡ് ഡയറക്ടറും ചീഫ് കണ്‍സള്‍ട്ടന്റുമായ അബ്ദുല്ല അല്‍ശെഹി ഇത്തരമൊരു സാധ്യത മുന്നോട്ടുവെച്ചത്. 

അബുദാബി: വിപ്ലവകരമായ ആവിഷ്കാരങ്ങളിലൂടെ ലോകത്തെ അത്ഭുതപ്പെടുത്തുന്ന രാജ്യമാണ് യുഎഇ. ഹൈപ്പര്‍ലൂപ്പിനും ഡ്രൈവറില്ലാതെ പറക്കുന്ന കാറുകള്‍ക്കും ശേഷം ഭാവിയിലേക്കുള്ള മറ്റൊരു ബൃഹദ് പദ്ധതിയാണ് ഇപ്പോള്‍ യുഎഇ ചര്‍ച്ച ചെയ്യുന്നത്. കടലിനടിയിലൂടെയുള്ള അതിവേഗ റെയില്‍ പാതയെക്കുറിച്ചുള്ള സാധ്യതകള്‍ തേടുകയാണ് യുഎഇയിലെ വിദഗ്ദര്‍.

വരും കാലത്ത് മുംബൈയില്‍ നിന്ന് യുഎഇയിലെ ഫുജൈറയിലേക്ക് നിങ്ങള്‍ക്ക് ട്രെയിനില്‍ യാത്ര ചെയ്യാന്‍ കഴിഞ്ഞേക്കും. അബുദാബിയില്‍ നടന്ന യുഎഇ-ഇന്ത്യ കോണ്‍ക്ലേവിലാണ് നാഷണല്‍ അഡ്വൈസര്‍ ബ്യൂറോ ലിമിറ്റഡ് ഡയറക്ടറും ചീഫ് കണ്‍സള്‍ട്ടന്റുമായ അബ്ദുല്ല അല്‍ശെഹി ഇത്തരമൊരു സാധ്യത മുന്നോട്ടുവെച്ചത്. യാത്രക്കാരുടെ സഞ്ചാരത്തിന് ഉപരിയായി ചരക്ക് ഗതാഗതത്തിനും ഇത് സഹായകമാവും. യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്ക് എണ്ണ കയറ്റുമതി ചെയ്യാനും തിരികെ ഇന്ത്യയില്‍ നിന്ന് ശുദ്ധജലം യുഎഇയിലേക്ക് കൊണ്ടുപോകാനുമുള്ള പൈപ്പ് ലൈനുകള്‍ ഇതിനൊപ്പം സംവിധാനിക്കാന്‍ കഴിയുമെന്ന് അബ്ദുല്ല അല്‍ശെഹി പറഞ്ഞു. 

ഇന്ത്യയ്ക്കും യുഎഇയിക്കും മേഖലയിലെ മറ്റ് രാജ്യങ്ങള്‍ക്കും ഇത് ഉപകരിക്കുമെന്നാണ് കോണ്‍ക്ലേവില്‍ പദ്ധതി വിശദീകരിച്ചുകൊണ്ട് അല്‍ശെഹി പറഞ്ഞത്. മുംബൈ നഗരത്തേയും ഫുജൈറ തുറമുഖത്തേയും ആള്‍ട്രാ സ്പീഡ് ഫ്ലോട്ടിങ് ട്രെയിന്‍ സര്‍വ്വീസുകൊണ്ട് ബന്ധിപ്പിക്കാനാവും. ഇരു രാജ്യങ്ങള്‍ക്കുമിടയിലെ വ്യാപാരബന്ധം ശക്തമാക്കാം. എണ്ണ ഇറക്കുമതിയും നര്‍മ്മദ നദിയില്‍ നിന്ന് അധികമുള്ള വെള്ളം യുഎഇയിലേക്ക് എത്തിക്കാനും കഴിയും. മറ്റ് ജി സി സി രാജ്യങ്ങള്‍ക്കും കയറ്റുമതിക്കും ഇറക്കുമതിക്കുമായി ഇതുപയോഗിക്കാനുമെന്നും വ്യവസായ പ്രമുഖരും ബിസിനസുകരുമടങ്ങിയ സദസിന് മുന്നില്‍ അവതരിപ്പിക്കപ്പെട്ട പദ്ധതി വ്യക്തമാക്കുന്നു.

നിരവധി ഘടകങ്ങള്‍ പരിശോധിക്കേണ്ടതുണ്ടെന്നും സാധ്യതാ പഠനവുമായി തങ്ങള്‍ മുന്നോട്ട് പോകുകയാണെന്നും അബ്ദുല്ല അല്‍ശെഹി പറഞ്ഞു. 2000 കിലോമീറ്ററില്‍ താഴെയാണ് റെയില്‍ നെറ്റ്‍വര്‍ക്കിന്റെ കണക്കാക്കപ്പെടുന്ന ദൂരം. ആഗോള തലത്തില്‍ മറ്റ് രാജ്യങ്ങളും സമാനമായ പദ്ധതികളുമായി മുന്നോട്ട് പോകുന്നുണ്ട്. റഷ്യ, കാനഡ, അമേരിക്ക എന്നീ രാജ്യങ്ങളുമായി കടലിനടിയിലൂടെയുള്ള റെയില്‍ പാതയ്ക്ക് ചൈന ഇപ്പോള്‍ തന്നെ ശ്രമം തുടങ്ങിയിട്ടുണ്ട്.