യൂണിയന്‍ കോപിന്റെ എല്ലാം ഓഹരി ഉടമകള്‍ക്കും ലോയല്‍റ്റി പ്രോഗ്രാം (ഗോള്‍ഡ് കാര്‍ഡ്) അംഗങ്ങള്‍ക്കും വേണ്ടിയാണ് പുതിയ പോളിസി

ദുബൈ: ഓഹരി ഉടമകളും ഗോള്‍ഡ് തമായാസ് കാര്‍ഡ് ഉടമകളുമായ എല്ലാ ഉപഭോക്താക്കള്‍ക്കും വേണ്ടി യൂണിയന്‍ കോപ് ആവിഷ്‍കരിച്ചിരിക്കുന്ന പുതിയ പദ്ധതി സി.ഇ.ഒ ഖാലിദ് ഹുമൈദ് ബിന്‍ ദിബാന്‍ അല്‍ ഫലാസി പ്രഖ്യാപിച്ചു. യൂണിയന്‍ കോപില്‍ നിന്ന് വാങ്ങുന്ന സാധനങ്ങളുടെ വില ദുബൈ വിപണിയില്‍ യൂണിയന്‍ കോപിന്റെ എതിരാളികളായ മറ്റ് സ്റ്റോറുകളുമായി താരതമ്യം ചെയ്യാന്‍ ഇനി അവസരമുണ്ടാകും. വിലയില്‍ വ്യത്യാസമുണ്ടെങ്കില്‍ ആ തുക യൂണിയന്‍കോപ് ഉപഭോക്താക്കള്‍ക്ക് തിരികെ നല്‍കും. നിബന്ധനകള്‍ക്കും യൂണിയന്‍ കോപിന്റെ പരിശോധനകള്‍ക്കും വിധേയമായിട്ടായിരിക്കും ഇത്. യൂണിയന്‍ കോപില്‍ സാധനങ്ങള്‍ വാങ്ങാന്‍ ഉപയോഗിച്ച തമായാസ്‍ കാര്‍ഡിലേക്ക് ആയിരിക്കും വിലയില്‍ വ്യത്യാസമുള്ള തുക നല്‍കുക.

അല്‍ വര്‍ഖ സിറ്റി മാളിലെ യൂണിയന്‍ കോപ് ആസ്ഥാനത്ത് വ്യാഴാഴ്‍ച വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് പുതിയ പദ്ധതിയുടെ പ്രഖ്യാപനം നടത്തിയത്. മാധ്യമ സ്ഥാപനങ്ങളുടെ പ്രതിനിധികള്‍ക്ക് പുറമെ യൂണിയന്‍കോപിലെ ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടര്‍മാരും വിവിധ വിഭാഗങ്ങളുടെ പ്രതിനിധികളും ജീവനക്കാരും ചടങ്ങില്‍ സംബന്ധിച്ചു.

ഉപഭോക്താക്കളുടെ ലാഭം ലക്ഷ്യമിട്ട് ദുബൈയില്‍ തന്നെ ആദ്യമായാണ് ഇത്തരമൊരു പദ്ധതി നടപ്പാക്കുന്നതെന്ന് യൂണിയന്‍ കോപ് സി.ഇ.ഒ പറഞ്ഞു. മത്സരക്ഷമമായ വിലയില്‍ ഉപഭോക്താക്കള്‍ക്ക് സാധനങ്ങള്‍ നല്‍കാന്‍ ചില്ലറ വിപണന രംഗത്തെ മറ്റ് സ്ഥാപനങ്ങളെക്കൂടി പ്രോത്സാഹിപ്പിക്കുന്ന പദ്ധതിയാണിത്. മാത്രവുമല്ല, ഉപഭോക്താക്കളുടെ അവകാശങ്ങള്‍ സംരക്ഷിച്ചുകൊണ്ടും എല്ലാം അവര്‍ക്ക് അനുകൂലമായി സജ്ജമാക്കിക്കൊണ്ടും ഉപഭോക്താക്കളുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്ന നീക്കമാണിതെന്നും അദ്ദേഹം പറഞ്ഞു.

വിപണിയില്‍ സാധനങ്ങളുടെ ലഭ്യത ഉറപ്പാക്കിയും വിലക്കയറ്റം പിടിച്ചുനിര്‍ത്തിയും വിപണിയിലെ വില നിയന്ത്രണത്തിന്റെ പ്രാഥമിക സൂചകങ്ങളായി മാറുമെന്നതുകൊണ്ടു തന്നെ വിപണിയില്‍ ഇത്തരമൊരു പദ്ധതിയുടെ ആവശ്യകതയും അദ്ദേഹം വിശദീകരിച്ചു. പദ്ധതിയുടെ പ്രാഥമിക ലക്ഷ്യം സമൂഹത്തിന്റെ ക്ഷേമം തന്നെയാണ്. അടിസ്ഥാന ഭക്ഷ്യ വസ്‍തുക്കളും മറ്റ് അവശ്യ സാധനങ്ങളും അവയുടെ സാധാരണ വിലയെ അപേക്ഷിച്ച് കൂടുതല്‍ മത്സരക്ഷമമായ വിലയില്‍ ലഭ്യമാവും. ഇത് വിപണിയുടെ സ്ഥിരതയിലേക്കായിരിക്കും നയിക്കുക. തങ്ങള്‍ വില്‍ക്കുന്ന വില ഏറ്റവും കുറവാണെന്നും, അത് വിപണിയിലെ ഏറ്റവും നല്ല വിലയാണെന്നും ഒരു സ്ഥാപനത്തിനും അവകാശപ്പെടാന്‍ സാധിക്കില്ല. സ്ഥാപനങ്ങള്‍ തമ്മില്‍ എപ്പോഴും വിലകളില്‍ വ്യത്യാസമുണ്ടാവും. എന്നാല്‍ അവ പരിശോധിക്കപ്പെടുകയും താരതമ്യം ചെയ്യപ്പെടുകയും ഏറ്റവുമൊടുവില്‍ ഉത്പന്നങ്ങളുടെ മികച്ച മൂല്യം കണ്ടെത്തുന്നതിലേക്ക് നയിക്കുകയും വേണം.

പുതിയ പദ്ധതിയുടെ പ്രയോജനം ഉപഭോക്താവിന് ലഭിക്കുന്നതിനായി ചില നിബന്ധനകള്‍ യൂണിയന്‍ കോപ് വെച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഉപഭോക്താവ് സാധനം വാങ്ങിയ ശേഷം 24 മണിക്കൂര്‍ സമയ പരിധിക്കുള്ളില്‍ തന്നെ പണം തിരികെ ലഭിക്കുന്നതിനുള്ള അപേക്ഷ നല്‍കണം. താരതമ്യം ചെയ്യുന്ന ഉത്പന്നവുമായി ബ്രാന്‍ഡ്, സൈസ്, കളര്‍, പാക്കേജിങ്, നിര്‍മിച്ച രാജ്യം, ബാര്‍കോഡ് എന്നിവ യോജിക്കണം. ഇതിന് പുറമെ മറ്റ് സ്റ്റോറിലെ ഉത്പന്നത്തിന്റെ വാലിഡിറ്റി യൂണിയന്‍ കോപില്‍ നിന്ന് വാങ്ങിയ ഉത്പന്നത്തിന്റെ വാലിഡിറ്റി തീയ്യതിയേക്കാള്‍ കുറഞ്ഞതാന്‍ പാടില്ല. ഉത്പന്നം പ്രൊമോഷണല്‍ ഓഫറുകള്‍, മൊത്തവില്‍പന, ക്ലിയറന്‍സ് സെയില്‍, എക്സ്പ്രസ് അല്ലെങ്കില്‍ ഷോര്‍ട്ട് സ്‍പെഷ്യല്‍ ഓഫറുകള്‍ എന്നിവയുടെ ഭാഗമായിട്ടോ അല്ലെങ്കില്‍ ഒരു പ്രത്യേക എണ്ണം സാധനങ്ങള്‍ക്ക് മാത്രം ബാധകമാവുന്ന വിലയോ മറ്റ് ഇവന്റുകളുമായി ബന്ധപ്പെട്ടുള്ള പ്രത്യേക ഓഫറുകളോ മറ്റ് സ്റ്റോറുകളിലെ വിലയില്‍ വന്ന അപാകതകളോ ആവാന്‍ പാടില്ല. പിക്കപ്പ് സര്‍വീസുകളിലൂടെ (ക്ലിക്ക് ആന്റ് കളക്ട്) വാങ്ങുന്ന സാധനങ്ങള്‍ക്ക് പുതിയ പോളിസി ബാധകമാവില്ല. ദിവസേനയും ആഴ്ചയിലുമൊക്കെ വില വ്യത്യാസം വരുന്ന ഫ്രഷ് ഉത്പന്നങ്ങളായ മത്സ്യം, പച്ചക്കറികള്‍, പഴങ്ങള്‍, മാംസം, പാല്‍ ഉത്പന്നങ്ങള്‍ എന്നിവയ്‍ക്കും ഈ പോളിസി ബാധകമല്ല.

ഉപഭോക്താക്കള്‍ക്ക് സാധനങ്ങള്‍ വാങ്ങി 24 മണിക്കൂറിനകം അതേ ശാഖയില്‍ തന്നെ ഒരു 'റീഫണ്ട് റിക്വസ്റ്റ്' സമര്‍പ്പിക്കാന്‍ യൂണിയന്‍ കോപ് സൗകര്യമൊരുക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ശാഖയിലെ മാനേജര്‍ അപേക്ഷയുടെ പ്രാഥമിക പരിശോധന നടത്തും. ശേഷം അപക്ഷേ നിരസിക്കുകയാണെങ്കിലോ അല്ലെങ്കില്‍ മറ്റെന്തെങ്കിലും വിവരങ്ങള്‍ കൂടി ആവശ്യമുണ്ടെങ്കിലോ ഉപഭോക്താവിനെ അറിയിക്കും. ശേഷം ഉത്പന്നത്തിന്റെ വിലയിലുള്ള വ്യത്യാസം ഉപഭോക്താവിന് നല്‍കും. അപേക്ഷ നിരസിക്കുകയാണെങ്കില്‍, ഉപഭോക്താവിനെ യൂണിയന്‍ കോപ് ശാഖയില്‍ നിന്ന് ബന്ധപ്പെട്ട് അപേക്ഷ നിരസിക്കാനുള്ള കാരണങ്ങള്‍ വിശദീകരിക്കും.

ഉപഭോക്താക്കള്‍ക്ക് വിലക്കുറവില്‍ സാധനങ്ങള്‍ നല്‍കുന്നതിന് പ്രതിവാര, പ്രതിമാസ അടിസ്ഥാനത്തില്‍ യൂണിയന്‍കോപ് സ്ഥിരമായി പ്രൊമോഷണല്‍ ഓഫറുകള്‍ പ്രഖ്യാപിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. എപ്പോഴും ഉപഭോക്താക്കളെ തൃപ്‍തിപ്പെടുത്താനും അവരെ വിസയ്‍മയിപ്പിക്കാനുള്ള പുതിയ വഴികളുമാണ് യൂണിയന്‍കോപ് തേടുന്നതെന്നും അദ്ദേഹം പറഞ്ഞു.

വിവരങ്ങളും വാര്‍ത്തകളും പ്രസ്‍താവനകളും വിശ്വസനീയമായ ഔദ്യോഗിക കേന്ദ്രങ്ങളില്‍ നിന്ന് മാത്രമേ എല്ലാവരും സ്വീകരിക്കാവൂ എന്നും തന്റെ പ്രസംഗം അവസാനിപ്പിച്ചുകൊണ്ട് യൂണിയന്‍കോപ് സി.ഇ.ഒ പറഞ്ഞു. അജ്ഞാതമായ ഉറവിടങ്ങളില്‍ നിന്നുള്ളവയും സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നതുമായ അഭ്യൂഹങ്ങള്‍ പരിഗണിക്കരുത്. പ്രത്യേകിച്ചും ചിലര്‍ സാമൂഹിക മാധ്യമങ്ങളെ ആശ്രയിക്കുകയും ഇത്തരം ഉറവിടങ്ങളില്‍ നിന്നുള്ള വാര്‍ത്തകള്‍ പ്രചരിപ്പിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍, സാമ്പത്തിക സ്ഥാപനങ്ങളെയോ മറ്റ് ഏതെങ്കിലും സംവിധാനങ്ങളെയോ ബാധിക്കുന്ന തരത്തിലുള്ള വ്യാജ വിവരങ്ങളും അഭ്യൂഹങ്ങളും പ്രചരിപ്പിക്കുന്നത് യുഎഇയിലെ നിയമപ്രകാരം ക്രിമിനല്‍ കുറ്റമാണെന്ന് ഓര്‍ക്കേണ്ടതുണ്ട്. വിവരങ്ങള്‍ പ്രചരിപ്പിക്കുന്നതിന് മുമ്പ് അവയുടെ സത്യാവസ്ഥ പരിശോധിക്കേണ്ട സാമൂഹിക ബോധവും ഉത്തരവാദിത്തവും വ്യക്തികള്‍ക്ക് ഉണ്ടായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.