ദുബൈ: യുഎഇയിലെ ഏറ്റവും വലിയ കണ്‍സ്യൂമര്‍ കോഓപ്പറേറ്റീവ് സ്ഥാപനമായ യൂണിയന്‍ കോപിന്‍റെ സാമൂഹിക പദ്ധതികള്‍ക്ക് വീണ്ടും അംഗീകാരം. അഖാഫിനും മൈനേഴ്‌സ് അഫയേഴ്‌സ് ഫൗണ്ടേഷനും കീഴില്‍ പ്രവര്‍ത്തിക്കുന്ന മുഹമ്മദ് ബിന്‍ റാഷിദ് ഗ്ലോബല്‍ സെന്റര്‍ ഫോര്‍ എന്‍ഡോവ്‌മെന്റ് കണ്‍സള്‍ട്ടന്‍സി(എംബിആര്‍ജിസിഇസി)യാണ് യൂണിയന്‍ കോപിന്റെ 2020ലെ സിഎസ്ആര്‍ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമായി ദുബൈ എന്‍ഡോവ്‌മെന്റ് സൈന്‍ പുരസ്‌കാരം നല്‍കി ആദരിച്ചത്. യൂണിയന്‍ കോപിന്റെ സുസ്ഥിര സാമൂഹിക പദ്ധതികളും ഈ അംഗീകാരത്തിനായി പരിഗണിച്ചിരുന്നു. 

യൂണിയന്‍ കോപ് ചെയര്‍മാന്‍ എച്ച് ഇ മജീദ് ഹമദ് റഹ്മ അല്‍ ഷംസി എംബിആര്‍ജിസിഇസിയുടെയും എഎഎംഎഫിന്റെയും ചെയര്‍മാന്‍ എച്ച് ഇ ഇസ്സ അല്‍ ഗുറൈറില്‍ നിന്ന് പുരസ്‌കാരം ഏറ്റുവാങ്ങി. എഎംഎഎഫ് സെക്രട്ടറി ജനറല്‍ അലി അല്‍ മുതവ, എഎംഎഎഫ് ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ ഖാലിദ് ആല്‍ഥാനി, എംബിആര്‍ജിസിഇസി ഡയറക്ടര്‍ സൈനബ ദുമ അല്‍ തമീമി, പബ്ലിക് റിലേഷന്‍സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍സ് മേധാവി മുഹമ്മദ് അല്‍ കമ്‌സാരി, യൂണിയന്‍ കോപ് ഹാപ്പിനസ് ആന്‍ഡ് മാര്‍ക്കറ്റിങ് വിഭാഗം ഡയറക്ടര്‍ ഡോ സുഹൈല്‍ അല്‍ ബസ്തകി എന്നിവരും പുരസ്‌കാര സമര്‍പ്പണ ചടങ്ങില്‍ പങ്കെടുത്തിരുന്നു.

യൂണിയന്‍ കോപിന്റെ അല്‍ വര്‍ഖ സിറ്റി മാള്‍ കെട്ടിടത്തില്‍ സംഘടിപ്പിച്ച കോഓര്‍ഡിനേഷന്‍ മീറ്റിങിലാണ് ഈ പുരസ്‌കാരം ലഭിച്ചത്. രണ്ട് സ്ഥാപനങ്ങളും തമ്മിലുള്ള സഹകരണവും പ്രവര്‍ത്തനങ്ങളും കൂടുതല്‍ മെച്ചപ്പെടുത്താനുള്ള പ്രയത്‌നങ്ങളുടെ ഭാഗമാണിത്. സാമൂഹിക പ്രതിബദ്ധത ഉറപ്പാക്കിയുള്ള പ്രവര്‍ത്തനങ്ങള്‍ രൂപീകരിക്കുകയും നടപ്പാക്കുകയും അതിലൂടെ സമൂഹത്തിന് മികച്ച സംഭാവനകള്‍ നല്‍കുകയും ചെയ്യുന്നതിനായുള്ള സര്‍ക്കാര്‍, സ്വകാര്യ സംരംഭങ്ങളുടെ പരിശ്രമങ്ങള്‍ക്കുള്ള അംഗീകാരമായാണ്
എംബിആര്‍ജിസിഇസി ദുബൈ എന്‍ഡോവമെന്റ് പുരസ്‌കാരം നല്‍കുന്നത്. 

യുഎഇ രാജ്യത്തിന്റെ സ്ഥാപക പിതാവായ അന്തരിച്ച ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്റെ സവിശേഷമായ മൂല്യബോധത്തെ മാതൃകയാക്കി ദുബൈ സര്‍ക്കാര്‍ തുടക്കിമടുന്ന വിവിധ ശാസ്ത്ര, സാമൂഹിക, മാനുഷിക, സാമ്പത്തിക മേഖലകളിലെ പദ്ധതികള്‍ക്കും സംരംഭങ്ങള്‍ക്കും പിന്തുണ നല്‍കാന്‍ യൂണിയന്‍ കോപ് അതീവ ശ്രദ്ധ പുലര്‍ത്താറുണ്ടെന്ന് യൂണിയന്‍ കോപ് ചെയര്‍മാന്‍ എച്ച് ഇ മജീദ് ഹമദ് റഹ്മ അല്‍ ഷംസി തദവസരത്തില്‍ പറഞ്ഞു. ഈ സംരംഭങ്ങള്‍, സാമൂഹിക പ്രതിബദ്ധത ഉയര്‍ത്തുന്നതും സമൂഹത്തിലെ വ്യക്തികളും വിവിധ സ്ഥാപനങ്ങളും തമ്മിലുള്ള പരസ്പര സഹകരണത്തിന്റെ ആവശ്യകത വെളിപ്പെടുത്തുന്നതുമാണ്. കൂടാതെ രാജ്യത്തിനോടും സമൂഹത്തിനോടുമുള്ള കോര്‍പ്പറേറ്റ് സാമൂഹിക പ്രതിബദ്ധത ലക്ഷ്യമിട്ട്  1984ല്‍ തുടക്കകാലം മുതല്‍ യൂണിയന്‍ കോപ് പ്രവര്‍ത്തിക്കുന്നതിന് അംഗീകാരം കൂടിയാണിത്. 


 

സമൂഹത്തിന്റെ സുസ്ഥിര വികസനവും സാമൂഹിക സംഭാവനകളിലൂന്നിയുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതില്‍ ദുബൈയുടെ സ്ഥാനവും ഉറപ്പാക്കുന്നത് ലക്ഷ്യമിട്ട് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് ആല്‍ മക്തൂം തുടക്കമിട്ട പദ്ധതികള്‍ക്ക് ശക്തമായ പിന്തുണ നല്‍കുന്ന ആദ്യസ്ഥാപനങ്ങളില്‍ ഒന്നാണ് യൂണിയന്‍ കോപെന്ന് ചെയര്‍മാന്‍ എച്ച് ഇ മജീദ് ഹമദ് റഹ്മ അല്‍ ഷംസി കൂട്ടിച്ചേര്‍ത്തു.

മാനുഷിക പരിഗണനയിലൂന്നിയുള്ള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെ സമൂഹത്തിന്റെ വികസനത്തിനായി സംഭാവനകള്‍ നല്‍കുന്നത് തുടരാനുള്ള പ്രചോദനമാണ് ദുബൈ എന്‍ഡോവ്‌മെന്റ് സൈന്‍ പുരസ്‌കാരമെന്ന് യൂണിയന്‍ കോപ് ചെയര്‍മാന്‍ അല്‍ ഷംസി പറഞ്ഞു. ഇത് സാധ്യമാകുന്നത് മികച്ച നേതൃപാടവും മൂലമാണെന്നും സാമൂഹിക വികസനത്തിനായി പ്രവര്‍ത്തിക്കുന്ന മുഹമ്മദ് ബിന്‍ റാഷിദ് ഗ്ലോബല്‍ സെന്റര്‍ ഫോര്‍ എന്‍ഡോവ്‌മെന്റ് കണ്‍സള്‍ട്ടന്‍സിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ യൂണിയന്‍ കോപ് തല്‍പ്പരരാണെന്നും അദ്ദേഹം പറഞ്ഞു. 

സമൂഹത്തിന് യൂണിയന്‍ കോപ് നല്‍കിയിട്ടുള്ള സംഭാവനകള്‍ പരിഗണിക്കുമ്പോള്‍ മുഹമ്മദ് ബിന്‍ റാഷിദ് ഗ്ലോബല്‍ സെന്റര്‍ ഫോര്‍ എന്‍ഡോവ്‌മെന്റ് കണ്‍സള്‍ട്ടന്‍സിയുടെ ദുബൈ എന്‍ഡോവ്‌മെന്റ് സൈന്‍ പുരസ്‌കാരത്തിന് യൂണിയന്‍ കോപ് തികച്ചും അര്‍ഹരാണെന്ന് ചെയര്‍മാന്‍ എച്ച് ഇ ഇസ്സ അല്‍ ഗുറൈര്‍ പറഞ്ഞു. സമൂഹത്തിന്റെ വിദ്യാഭ്യാസ, ആരോഗ്യ, സാമ്പത്തിക മേഖലകളിലെ ഉള്‍പ്പെടെ വിവിധ രംഗങ്ങളിലെ വളര്‍ച്ചയ്ക്ക് ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെ യൂണിയന്‍ കോപ് സംഭാവനകള്‍ നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് ആല്‍ മക്തൂം ആരംഭിച്ച ആഗോള തലത്തിലെ സാമൂഹിക പ്രവര്‍ത്തനങ്ങളുടെ ഭാഗമാണിതെന്നും അല്‍ ഗുറൈര്‍ വ്യക്തമാക്കി.

സമൂഹത്തിന്റെ വികസനത്തിന് വേണ്ടിയും വ്യക്തികളും സ്ഥാപനങ്ങളും പരസ്പരം സഹകരിച്ചുള്ള സാമൂഹിക ഐക്യത്തിന് വേണ്ടിയും ഫലപ്രദമായ രീതിയില്‍ വിവിധ സംഭാവനകള്‍ നല്‍കാനും, പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിടാനും യൂണിയന്‍ കോപ് മറ്റ് സ്ഥാപനങ്ങള്‍ക്ക് മാതൃകയാണെന്നാണ് ഫൗണേഷന്‍ കണക്കാക്കുന്നതെന്ന് അല്‍ ഗുറൈര്‍ കൂട്ടിച്ചേര്‍ത്തു. 

2017 മുതല്‍ ഈ വര്‍ഷം ഓഗസ്റ്റ് വരെ യൂണിയന്‍ കോപ് 89 സംരംഭങ്ങള്‍ നടപ്പിലാക്കി. 11.5 കോടി ദിര്‍ഹത്തിലധികം വിലമതിക്കുന്ന മാനുഷിക, ജീവകാരുണ്യ സംഭാവനകളാണ് യൂണിയന്‍ കോപ് വിദ്യാഭ്യാസം, സാമ്പത്തികം, സാമൂഹികം, വ്യക്തികളുടെ ഉന്നമനം, ഷെയര്‍ഹോള്‍ഡര്‍ സപ്പോര്‍ട്ട് പ്രോഗ്രാമുകള്‍, ഇസ്ലാമിക് സെക്ടര്‍, ആരോഗ്യ മേഖല എന്നീ വിവിധ രംഗങ്ങളില്‍ നല്‍കിയിട്ടുള്ളത്. ഇതിന് പുറമെ കൊവിഡ് മഹാമാരിയുടെ വ്യാപനം പ്രതിരോധിക്കുന്നതിനായി ദുബൈ സര്‍ക്കാരിന്റെ പരിശ്രമങ്ങള്‍ക്ക് വേണ്ട പിന്തുണ നല്‍കാനും യൂണിയന്‍ കോപിന് സാധിച്ചു. 23 ദശലക്ഷം ദിര്‍ഹത്തിലധികം തുകയാണ് മഹാമാരിയുടെ വ്യാപനം മുതല്‍ ഓഗസ്റ്റ് വരെ ഇതിനായി യൂണിയന്‍ കോപ് ചെലവഴിച്ചിട്ടുള്ളത്.