ദുബായ്: യുഎഇയിലെ ഏറ്റവും വലിയ കണ്‍സ്യൂമര്‍ കോഓപ്പറേറ്റീവ് സ്ഥാപനമായ യൂണിയന്‍ കോപിന്റെ ശാഖകള്‍ ആഴ്ചയില്‍ എല്ലാ ദിവസവും 24 മണിക്കൂറും പ്രവര്‍ത്തിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. അല്‍ മംസര്‍, അല്‍ മിസ്ഹര്‍ മിനി കോപ്, കോപ് ദ പോയിന്റ്. അല്‍ സത്വ, ഇന്റര്‍നാഷണല്‍ സിറ്റി എന്നിവിടങ്ങളിലേത് ഒഴികെയുള്ള ശാഖകളാണ് മുഴുവന്‍ സമയവും പ്രവര്‍ത്തിക്കുക. ഉപഭോക്താക്കള്‍ക്ക് അവരവരുടെ സൌകര്യം പരിഗണിച്ച് പകലോ രാത്രിയോ ഏത് സമയത്ത് വേണമെങ്കിലും സാധനങ്ങള്‍ വാങ്ങാമെന്ന് ആരോഗ്യ പ്രതിരോധ മന്ത്രാലയവും നാഷണല്‍ എമര്‍ജന്‍സി ക്രൈസിസ് ആന്റ് ഡിസാസ്റ്റര്‍ മാനേജ്മെന്റ് അതോരിറ്റിയും തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിലാണ് യൂണയന്‍ കോപ് ശാഖകള്‍ മുഴുവന്‍ സമയവും പ്രവര്‍ത്തിക്കുന്നത്.

മാര്‍ച്ച് 26 വ്യാഴാഴ്ച മുതല്‍ യൂണിയന്‍ കോപിന്റെ എല്ലാ ശാഖകളും ആഴ്ചയില്‍ ഏ് ദിവസവും 24 മണിക്കൂറും പ്രവര്‍ത്തിച്ചുതുടങ്ങുമെന്ന് ഹാപ്പിനെസ് ആന്റ് മാര്‍ക്കറ്റിങ് ഡിപ്പാര്‍‌ട്ട്മെന്റ് ഡയറക്ടര്‍ ഡോ. സുഹൈല്‍ അല്‍ ബസ്തകി പ്രസ്താവനയിലൂടെ അറിയിച്ചു. കൊറോണ വൈറസ് നിയന്ത്രണത്തിന്റെ ഭാഗമായി അധികൃതര്‍ നല്‍കിയ നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ സമൂഹത്തില്‍ സാധനങ്ങളുടെ ലഭ്യത സുഗമമാക്കാന്‍ ലക്ഷ്യമിട്ടാണ് ഇത്തരമൊരു തീരുമാനം. എല്ലാ സാധനങ്ങളും മുഴുവന്‍ സമയവും ലഭ്യമാണെന്നും ഉപഭോക്താക്കള്‍ തിരക്ക് കൂട്ടേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. വര്‍ഷം മുഴുവനും വലിയ അളവില്‍ തന്നെ സാധനങ്ങളുടെ ലഭ്യത ഉറപ്പാക്കുന്ന തരത്തിലായിരുന്നു യൂണിയന്‍ കോപിന്റെ ആസൂത്രണം. സാധനങ്ങള്‍ തീര്‍ന്നുപോകുമെന്ന ഭയം ഉപഭോക്താക്കള്‍ക്ക് വേണ്ട. കഴിഞ്ഞ വര്‍ഷങ്ങളില്‍ ബന്ധപ്പെട്ട അധികൃതരുമായി ചേര്‍ന്ന് രാജ്യത്തെ കോഓപ്പറേറ്റീവ്, ചില്ലറ വിപണന കേന്ദ്രങ്ങളെല്ലാം രാജ്യത്തേക്ക് മതിയായ ഭക്ഷ്യ വസ്തുക്കള്‍ സംഭരിച്ചിട്ടുണ്ട്. ഇതിനെ സന്തുലിതമായി ഉപയോഗപ്പെടുത്തുന്നതിനുള്ള പദ്ധതികളും തയ്യാക്കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ദീര്‍ഘകാലത്തേക്ക് മതിയായ എല്ലാ സാധനങ്ങളുടെയും ശേഖരം യൂണിയന്‍ കോപിനുണ്ട്. ദൈനംദിനാടിസ്ഥാനത്തില്‍ തന്നെയുള്ള വിതരണ ശൃംഖലയും സജീവമാണ്. വിശുദ്ധ റമദാന്‍ മാസത്തിലേക്കുള്ള തയ്യാറെടുപ്പുകള്‍ക്കായി 4000 മില്യന്‍ ദിര്‍ഹത്തിന്റെ സാധനങ്ങള്‍ക്കായുള്ള കരാറുകളും യൂണിയന്‍ കോപ് വിതരണക്കാരുമായി ഒപ്പുവെച്ചിട്ടുണ്ട്. മദ്ധ്യപൂര്‍വദേശത്തുതന്നെ ഏറ്റവുമധികം  ഭക്ഷ്യ-ഭക്ഷ്യേതര വസ്തുക്കള്‍ സംഭരിക്കാവുന്ന യൂണിയന്‍ കോപിന്റെ സംഭരണ കേന്ദ്രങ്ങളില്‍ ഈ സാധനങ്ങള്‍ സൂക്ഷിക്കും. അന്‍പതിലധികം രാജ്യങ്ങളില്‍ നിന്നാണ് യൂണിയന്‍ കോപ് സാധനങ്ങള്‍ ഇറക്കുമതി ചെയ്യുന്നത്. ഇതിന് പുറമെ പ്രാദേശിക ഫാമുകളുമായും ഫാക്ടറികളുമായി സഹകരിച്ച് ഭക്ഷ്യ-ഭക്ഷ്യേതര വസ്തുകള്‍ വിപണിയിലെത്തിക്കുന്നു.

സമൂഹത്തിലെ എല്ലാ അംഗങ്ങള്‍ക്കും ആവശ്യമായ മതിയായ അളവില്‍ സാധനങ്ങള്‍ സ്റ്റോക്കുള്ളതിനാല്‍ യൂണിയന്‍കോപ് സ്റ്റേറുകള്‍ തിരക്കുണ്ടാക്കുകയോ സാധനങ്ങള്‍ വലിയ അളവില്‍ വാങ്ങിക്കൂട്ടുകയോ ചെയ്യരുതെന്ന് എല്ലാവരോടും അല്‍ ബസ്തകി അഭ്യര്‍ത്ഥിച്ചു. എല്ലാവര്‍ക്കും ഭക്ഷ്യ വസ്തുക്കള്‍ ലഭ്യമാക്കുന്നതിനും പരമാവധി വീടുകളിലിരുന്ന് അധികൃതരുടെ നിര്‍ദേശങ്ങള്‍ വിജയികരമായി പാലിക്കുകയും ചെയ്യുന്നതിനായി സാധാരണയില്‍ കവിഞ്ഞ ശ്രദ്ധയോടെ വേണം ഷോപ്പിങ് ക്രമീകരിക്കാനെന്നും യൂണിയന്‍ കോപ് അധികൃതര്‍ അറിയിച്ചു.