ദുബായ്: കൊറോണ വൈറസിന്റെ വ്യാപനത്തിന് ശേഷം ഉപഭോക്താക്കളുടെ സുരക്ഷയും ആരോഗ്യവും ഉറപ്പുവരുത്താന്‍ നിരവധി മാര്‍ഗങ്ങളാണ് യൂണിയന്‍ കോപ് സ്വീകരിച്ചുവരുന്നത്. ഉപഭോക്തക്കളുടെ സുരക്ഷയ്ക്കായി ഷോപ്പിങ് കാര്‍ട്ടുകളും ട്രോളികളും പതിവായി അണുവിമുക്തമാക്കുകയാണ് ദുബായ് ആസ്ഥാനമായ ഈ സ്ഥാപനം.

സന്ദര്‍ശകരുടെ ആരോഗ്യവും സുരക്ഷയും ഉറപ്പുവരുത്താനും സുരക്ഷിതമായ ഷോപ്പിങ് അനുഭവം സമ്മാനിക്കാനും ഷോപ്പിങ് കാര്‍ട്ടുകള്‍ പൂര്‍ണമായും വെള്ളവും സോപ്പ് ഉപയോഗിച്ച് കഴുകാനും സാനിറ്റൈസ് ചെയ്യാനുമുള്ള നടപടികള്‍ മാനേജ്‍മെന്റ് സ്വീകരിച്ചിട്ടുണ്ടെന്ന് യൂണിയന്‍ കോപ് ഹാപ്പിനസ് ആന്റ് മാര്‍ക്കറ്റിങ് വകുപ്പ് ഡയറക്ടര്‍ ഡോ. സുഹൈല്‍ അല്‍ ബസ്തകി പറഞ്ഞു. ഇതിന് പുറമെ ഷോപ്പിങ് കാര്‍ട്ടുകളുടെ ഹാന്റിലുകള്‍ ഇടയ്ക്കിടെ അണുവിമുക്തമാക്കാനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്. ട്രോളികള്‍ ഉപഭോക്താക്കള്‍ ഉപയോഗിക്കുന്നതിന് മുമ്പും ഉപയോഗ ശേഷവും അവയുടെ ശുചിത്വം ഉറപ്പുവരുത്തുന്നതിന് ശാഖകളില്‍ പ്രത്യേക ജീവനക്കാരെയും നിയോഗിച്ചിട്ടുണ്ട്. ഇതോടൊപ്പം ഉപഭോക്താക്കള്‍ക്കും സന്ദര്‍ശകര്‍ക്കും കൈകള്‍ അണുവിമുക്തമാക്കുന്നതിന് വിവിധയിടങ്ങളില്‍ സാനിറ്റൈസറുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഇവ സൗജന്യമായി ഉപയോഗിക്കാം. ഷോപ്പിങില്‍ ഉപഭോക്താക്കള്‍ക്ക് പൂര്‍ണ സുരക്ഷ ലഭ്യമാക്കാന്‍ ലക്ഷ്യമിട്ടാണ് ഇത്തരം നടപടികളെന്നും അദ്ദേഹം പറഞ്ഞു.

അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ പ്രാകരമുള്ള ഏറ്റവും നൂതന പൊതുജനാരോഗ്യ, സുരക്ഷാ മാനദണ്ഡങ്ങളാണ് യൂണിയന്‍ കോപിന്റെ എല്ലാ ശാഖകളിലും സ്വീകരിക്കുന്നതെന്ന് അല്‍ ബസ്‍തകി പറഞ്ഞു. എല്ലാ ഉത്പന്നങ്ങളുടെ കാര്യത്തിലും ഇത് കര്‍ശനമായി പാലിക്കുന്നു. ഇതിന് പുറമെ ഉപഭോക്താക്കളുമായി ബന്ധപ്പെടുന്ന എല്ലാ ജീവനക്കാരുടെയും കര്‍ശന ശുചിത്വം ഉറപ്പുവരുത്തുന്നുണ്ട്. കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ബന്ധപ്പെട്ട അധികൃതരുടെ സഹകരണത്തോടെ ജീവനക്കാര്‍ക്കായി വര്‍ക്ക്ഷോപ്പുകള്‍ സംഘടിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.